സങ്കീർത്തനങ്ങൾ 98 (Psalms 98)

Malayalam Bible — Malayalam (മലയാളം)

1 ഒരു സങ്കീര്‍ത്തനം. [] യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിന്‍; അവന്‍ അദ്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്‍റെ വലംകൈയും അവന്‍റെ വിശുദ്ധഭുജവും അവന് ജയം നേടിയിരിക്കുന്നു.

2 യഹോവ തന്‍റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്‍റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.

3 അവന്‍ യിസ്രായേൽഗൃഹത്തിനു തന്‍റെ ദയയും വിശ്വസ്തതയും ഓര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്‍റെ രക്ഷ കണ്ടിരിക്കുന്നു.

4 സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആര്‍പ്പിടുവിന്‍; കൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍.

5 കിന്നരത്തോടെ യഹോവയ്ക്കു കീര്‍ത്തനം ചെയ്‍വിന്‍; കിന്നരത്തോടും സംഗീതസ്വരത്തോടുംകൂടെ തന്നെ.

6 കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിന്‍!

7 സമുദ്രവും അതിന്‍റെ നിറവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.

8 പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.

9 അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

  • Psalms 97 — previous chapter
  • Psalms 99 — next chapter
  • Psalms 98 — English (KJV)
  • Psalms 98 — English (WEB)
  • Psalms 98 — Tamil (தமிழ்)
  • Psalms 98 — Hindi (हिंदी)
  • Psalms 98 — Kannada (ಕನ್ನಡ)