സങ്കീർത്തനങ്ങൾ 92 (Psalms 92)

Malayalam Bible — Malayalam (മലയാളം)

1 ശബ്ബത്തുനാള്‍ക്കുള്ള ഒരു ഗീതം; ഒരു സങ്കീര്‍ത്തനം. [] യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്‍റെ നാമത്തെ കീര്‍ത്തിക്കുന്നതും

2 പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും

3 രാവിലെ നിന്‍റെ ദയയെയും രാത്രിതോറും നിന്‍റെ വിശ്വസ്തതയെയും വര്‍ണിക്കുന്നതും നല്ലത്.

4 യഹോവേ, നിന്‍റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്‍റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.

5 യഹോവേ, നിന്‍റെ പ്രവൃത്തികള്‍ എത്ര വലിയവയാകുന്നു; നിന്‍റെ വിചാരങ്ങള്‍ അത്യന്തം അഗാധമായവ തന്നെ.

6 മൃഗപ്രായനായ മനുഷ്യന്‍ അത് അറിയുന്നില്ല; മൂഢന്‍ അതു ഗ്രഹിക്കുന്നതുമില്ല.

7 ദുഷ്ടന്മാര്‍ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.

8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.

9 യഹോവേ, ഇതാ, നിന്‍റെ ശത്രുക്കള്‍, ഇതാ, നിന്‍റെ ശത്രുക്കള്‍ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും ചിതറിപ്പോകും.

10 എങ്കിലും എന്‍റെ കൊമ്പ് നീ കാട്ടു പോത്തിന്‍റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.

11 എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടും എന്‍റെ ചെവി എന്നോട് എതിര്‍ക്കുന്ന ദുഷ്കര്‍മികളെക്കുറിച്ചു കേട്ടും രസിക്കും.

12 നീതിമാന്‍ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.

13 യഹോവയുടെ ആലയത്തിൽ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളിൽ തഴയ്ക്കും.

14 വാര്‍ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും.

15 യഹോവ നേരുള്ളവന്‍, അവന്‍ എന്‍റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.

  • Psalms 91 — previous chapter
  • Psalms 93 — next chapter
  • Psalms 92 — English (KJV)
  • Psalms 92 — English (WEB)
  • Psalms 92 — Tamil (தமிழ்)
  • Psalms 92 — Hindi (हिंदी)
  • Psalms 92 — Kannada (ಕನ್ನಡ)