സങ്കീർത്തനങ്ങൾ 91 (Psalms 91)

Malayalam Bible — Malayalam (മലയാളം)

1 അത്യുന്നതന്‍റെ മറവിൽ വസിക്കയും സര്‍വശക്തന്‍റെ നിഴലിന്‍കീഴിൽ പാര്‍ക്കയും ചെയ്യുന്നവന്‍

2 യഹോവയെക്കുറിച്ച്: അവന്‍ എന്‍റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയുന്നു.

3 അവന്‍ നിന്നെ വേട്ടക്കാരന്‍റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.

4 തന്‍റെ തൂവലുകള്‍കൊണ്ട് അവന്‍ നിന്നെ മറയ്ക്കും; അവന്‍റെ ചിറകിന്‍കീഴിൽ നീ ശരണം പ്രാപിക്കും; അവന്‍റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു.

5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും

6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.

7 നിന്‍റെ വശത്ത് ആയിരം പേരും നിന്‍റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല.

8 നിന്‍റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാര്‍ക്കു വരുന്ന പ്രതിഫലം കാണും.

9 യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു.

10 ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുക്കയില്ല.

11 നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവന്‍ നിന്നെക്കുറിച്ചു തന്‍റെ ദൂതന്മാരോടു കല്പിക്കും;

12 നിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവര്‍ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.

13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

14 അവന്‍ എന്നോടു പറ്റിയിരിക്കയാൽ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്‍റെ നാമത്തെ അറികയാൽ ഞാന്‍ അവനെ ഉയര്‍ത്തും.

15 അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്ത്വപ്പെടുത്തും.

16 ദീര്‍ഘായുസ്സുകൊണ്ട് ഞാന്‍ അവനു തൃപ്തിവരുത്തും; എന്‍റെ രക്ഷയെ അവനു കാണിച്ചുകൊടുക്കും.

  • Psalms 90 — previous chapter
  • Psalms 92 — next chapter
  • Psalms 91 — English (KJV)
  • Psalms 91 — English (WEB)
  • Psalms 91 — Tamil (தமிழ்)
  • Psalms 91 — Hindi (हिंदी)
  • Psalms 91 — Kannada (ಕನ್ನಡ)