സങ്കീർത്തനങ്ങൾ 49 (Psalms 49)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [] സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍; സകല ഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍.

2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.

3 എന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്‍റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

4 ഞാന്‍ സദൃശവാക്യത്തിന് എന്‍റെ ചെവി ചായ്ക്കും; കിന്നരനാദത്തോടെ എന്‍റെ കടങ്കഥ കേള്‍പ്പിക്കും.

5 അകൃത്യം എന്‍റെ കുതികാലിനെ പിന്തുടര്‍ന്ന് എന്നെ വളയുന്ന ദുഷ്കാലത്തു ഞാന്‍ ഭയപ്പെടുന്നത് എന്തിന്?

6 അവര്‍ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.

7 സഹോദരന്‍ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്

8 അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.

9 അവരുടെ പ്രാണന്‍റെ വീണ്ടെടുപ്പു വിലയേറിയത്; അത് ഒരുനാളും സാധിക്കയില്ല.

10 ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.

11 തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നില്ക്കും എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗതം; തങ്ങളുടെ നിലങ്ങള്‍ക്ക് അവര്‍ തങ്ങളുടെ പേരിടുന്നു.

12 എന്നാൽ മനുഷ്യന്‍ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യന്‍.

13 ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ.

14 അവരെ പാതാളത്തിന് ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചയ്ക്ക് അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.

15 എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.

16 ഒരുത്തന്‍ ധനവാനായിത്തീര്‍ന്നാലും അവന്‍റെ ഭവനത്തിന്‍റെ മഹത്ത്വം വര്‍ധിച്ചാലും നീ ഭയപ്പെടരുത്.

17 അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല; അവന്‍റെ മഹത്ത്വം അവനെ പിന്‍ചെല്ലുകയുമില്ല.

18 അവന്‍ ജീവനോടിരുന്നപ്പോള്‍ താന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോള്‍ മനുഷ്യര്‍ നിന്നെ പുകഴ്ത്തും.

19 അവന്‍ തന്‍റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നുചേരും; അവര്‍ ഒരുനാളും വെളിച്ചം കാണുകയില്ല.

20 മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ.

  • Psalms 48 — previous chapter
  • Psalms 50 — next chapter
  • Psalms 49 — English (KJV)
  • Psalms 49 — English (WEB)
  • Psalms 49 — Tamil (தமிழ்)
  • Psalms 49 — Hindi (हिंदी)
  • Psalms 49 — Kannada (ಕನ್ನಡ)