സങ്കീർത്തനങ്ങൾ 48 (Psalms 48)

Malayalam Bible — Malayalam (മലയാളം)

1 ഒരു ഗീതം. കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [] നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, അവന്‍റെ വിശുദ്ധപര്‍വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.

2 മഹാരാജാവിന്‍റെ നഗരമായി ഉത്തരഗിരിയായ സീയോന്‍പര്‍വതം ഉയരംകൊണ്ടു മനോഹരവും സര്‍വഭൂമിയുടെയും ആനന്ദവുമാകുന്നു.

3 അതിന്‍റെ അരമനകളിൽ ദൈവം ഒരു ദുര്‍ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.

4 ഇതാ, രാജാക്കന്മാര്‍ കൂട്ടംകൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.

5 അവര്‍ അതുകണ്ട് അമ്പരന്നു, അവര്‍ പരിഭ്രമിച്ച് ഓടിപ്പോയി.

6 അവര്‍ക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.

7 നീ കിഴക്കന്‍കാറ്റുകൊണ്ട് തര്‍ശ്ശീശ് കപ്പലുകളെ ഉടച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,

8 നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.

9 ദൈവമേ, നിന്‍റെ മന്ദിരത്തിന്‍റെ മധ്യേ ഞങ്ങള്‍ നിന്‍റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.

10 ദൈവമേ, നിന്‍റെ നാമംപോലെ തന്നെ നിന്‍റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്‍റെ വലംകൈയിൽ നീതി നിറഞ്ഞിരിക്കുന്നു.

11 നിന്‍റെ ന്യായവിധികള്‍നിമിത്തം സീയോന്‍ പര്‍വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍ ആനന്ദിക്കയും ചെയ്യുന്നു.

12 സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍; അതിന്‍റെ ഗോപുരങ്ങളെ എണ്ണുവിന്‍.

13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്‍റെ കൊത്തളങ്ങളെ സൂക്ഷിച്ച് അരമനകളെ നടന്നു നോക്കുവിന്‍.

14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.

  • Psalms 47 — previous chapter
  • Psalms 49 — next chapter
  • Psalms 48 — English (KJV)
  • Psalms 48 — English (WEB)
  • Psalms 48 — Tamil (தமிழ்)
  • Psalms 48 — Hindi (हिंदी)
  • Psalms 48 — Kannada (ಕನ್ನಡ)