സങ്കീർത്തനങ്ങൾ 50 (Psalms 50)

Malayalam Bible — Malayalam (മലയാളം)

1 ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [] ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.

2 സൗന്ദര്യത്തിന്‍റെ പൂര്‍ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.

3 നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല; അവന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്‍റെ ചുറ്റും വലിയൊരു കൊടുങ്കാറ്റടിക്കുന്നു.

4 തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവന്‍ മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

5 യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിന്‍.

6 ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്‍റെ നീതിയെ ഘോഷിക്കും. സേലാ.

7 എന്‍റെ ജനമേ, കേള്‍ക്ക; ഞാന്‍ സംസാരിക്കും. യിസ്രായേലേ, ഞാന്‍ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാന്‍ നിന്‍റെ ദൈവമാകുന്നു.

8 നിന്‍റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്‍റെ മുമ്പാകെ ഇരിക്കുന്നു.

9 നിന്‍റെ വീട്ടിൽനിന്നു കാളയെയോ നിന്‍റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാന്‍ എടുക്കയില്ല.

10 കാട്ടിലെ സകല മൃഗവും പര്‍വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.

11 മലകളിലെ പക്ഷികളെയൊക്കെയും ഞാന്‍ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.

12 എനിക്കു വിശന്നാൽ ഞാന്‍ നിന്നോടു പറകയില്ല; ഭൂലോകവും അതിന്‍റെ നിറവും എന്‍റേതത്രേ.

13 ഞാന്‍ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?

14 ദൈവത്തിനു സ്തോത്രയാഗം അര്‍പ്പിക്ക; അത്യുന്നതനു നിന്‍റെ നേര്‍ച്ചകളെ കഴിക്ക.

15 കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്‍റെ ചട്ടങ്ങളെ അറിയിപ്പാനും എന്‍റെ നിയമത്തെ നിന്‍റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?

17 നീ ശാസനയെ വെറുത്ത് എന്‍റെ വചനങ്ങളെ നിന്‍റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.

18 കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.

19 നിന്‍റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്‍റെ നാവ് വഞ്ചന പിണയ്ക്കുന്നു.

20 നീ ഇരുന്നു നിന്‍റെ സഹോദരനു വിരോധമായി സംസാരിക്കുന്നു; നിന്‍റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.

21 ഇവ നീ ചെയ്തു ഞാന്‍ മിണ്ടാതിരിക്കയാൽ ഞാന്‍ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാന്‍ നിന്നെ ശാസിച്ചു നിന്‍റെ കണ്ണിന്‍മുമ്പിൽ അവയെ നിരത്തിവയ്ക്കും.

22 ദൈവത്തെ മറക്കുന്നവരേ, ഇത് ഓര്‍ത്തുകൊള്‍വിന്‍; അല്ലെങ്കിൽ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.

23 സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്ത്വപ്പെടുത്തുന്നു; തന്‍റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു ഞാന്‍ ദൈവത്തിന്‍റെ രക്ഷയെ കാണിക്കും.

  • Psalms 49 — previous chapter
  • Psalms 51 — next chapter
  • Psalms 50 — English (KJV)
  • Psalms 50 — English (WEB)
  • Psalms 50 — Tamil (தமிழ்)
  • Psalms 50 — Hindi (हिंदी)
  • Psalms 50 — Kannada (ಕನ್ನಡ)