സങ്കീർത്തനങ്ങൾ 21 (Psalms 21)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, രാജാവ് നിന്‍റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്‍റെ രക്ഷയിൽ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.

2 അവന്‍റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നല്കി; അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

3 നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്‍റെ തലയിൽ വയ്ക്കുന്നു.

4 അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെതന്നെ.

5 നിന്‍റെ രക്ഷയാൽ അവന്‍റെ മഹത്ത്വം വലിയത്; മാനവും തേജസ്സും നീ അവനെ അണിയിച്ചു.

6 നീ അവനെ എന്നേക്കും അനുഗ്രഹ സമൃദ്ധിയാക്കുന്നു; നിന്‍റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.

7 രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്‍റെ കാരുണ്യംകൊണ്ട് അവന്‍ കുലുങ്ങാതിരിക്കും.

8 നിന്‍റെ കൈ നിന്‍റെ സകല ശത്രുക്കളെയും കണ്ടുപിടിക്കും; നിന്‍റെ വലങ്കൈ നിന്നെ പകയ്ക്കുന്നവരെ പിടികൂടും.

9 നിന്‍റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.

10 നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യ പുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.

11 അവര്‍ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.

12 നീ അവരെ പുറം കാട്ടുമാറാക്കും; അവരുടെ മുഖത്തിനുനേരേ അസ്ത്രം ഞാണിന്മേൽ തൊടുക്കും.

13 യഹോവേ, നിന്‍റെ ശക്തിയിൽ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്‍റെ ബലത്തെ സ്തുതിക്കും.

  • Psalms 20 — previous chapter
  • Psalms 22 — next chapter
  • Psalms 21 — English (KJV)
  • Psalms 21 — English (WEB)
  • Psalms 21 — Tamil (தமிழ்)
  • Psalms 21 — Hindi (हिंदी)
  • Psalms 21 — Kannada (ಕನ್ನಡ)