സങ്കീർത്തനങ്ങൾ 22 (Psalms 22)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ഉഷസ്സിന്‍ മാന്‍പേട എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നില്ക്കുന്നതെന്ത്?

2 എന്‍റെ ദൈവമേ, ഞാന്‍ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്ക് ഒട്ടും മൗനതയില്ല.

3 യിസ്രായേലിന്‍റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.

4 ഞങ്ങളുടെ പിതാക്കന്മാര്‍ നിങ്കൽ ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.

5 അവര്‍ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര്‍ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.

6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നെ.

7 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;

8 യഹോവയിങ്കൽ നിന്നെത്തന്നെ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.

9 നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവന്‍; എന്‍റെ അമ്മയുടെ മുലകുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.

10 ഗര്‍ഭപാത്രത്തിൽനിന്നു ഞാന്‍ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്‍റെ അമ്മയുടെ ഉദരംമുതൽ നീ എന്‍റെ ദൈവം.

11 കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.

12 അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്‍റെ നേരേ വായ്പിളര്‍ക്കുന്നു.

14 ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്‍റെ ഹൃദയം മെഴുകുപോലെ ആയി എന്‍റെ കുടലിന്‍റെ നടുവേ ഉരുകിയിരിക്കുന്നു.

15 എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

16 നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു.

17 എന്‍റെ അസ്ഥികളൊക്കെയും എനിക്ക് എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.

18 എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.

19 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.

20 വാളിങ്കൽനിന്ന് എന്‍റെ പ്രാണനെയും നായുടെ കൈയിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ.

21 സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.

22 ഞാന്‍ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോടു കീര്‍ത്തിക്കും: സഭാമധ്യേ ഞാന്‍ നിന്നെ സ്തുതിക്കും.

23 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍; യാക്കോബിന്‍റെ സകല സന്തതിയുമായുള്ളോരേ, അവനെ മഹത്ത്വപ്പെടുത്തുവിന്‍; യിസ്രായേലിന്‍റെ സര്‍വ സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍.

24 അരിഷ്ടന്‍റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്‍റെ മുഖം അവനു മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തത്.

25 മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു; അവന്‍റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്‍റെ നേര്‍ച്ചകളെ കഴിക്കും.

26 എളിയവര്‍ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.

27 ഭൂമിയുടെ അറുതികളൊക്കെയും ഓര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്‍റെ മുമ്പാകെ നമസ്കരിക്കും;

28 രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവന്‍ ജാതികളെ ഭരിക്കുന്നു.

29 ഭൂമിയിൽ പുഷ്‍ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്‍റെ മുമ്പാകെ കുമ്പിടും; തന്‍റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനുംകൂടെ.

30 ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.

31 അവര്‍ വന്ന്, ജനിപ്പാനുള്ള ജനത്തോട് അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്ന് അവന്‍റെ നീതിയെ വര്‍ണിക്കും.

  • Psalms 21 — previous chapter
  • Psalms 23 — next chapter
  • Psalms 22 — English (KJV)
  • Psalms 22 — English (WEB)
  • Psalms 22 — Tamil (தமிழ்)
  • Psalms 22 — Hindi (हिंदी)
  • Psalms 22 — Kannada (ಕನ್ನಡ)