സങ്കീർത്തനങ്ങൾ 140 (Psalms 140)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, ദുഷ്ടമനുഷ്യന്‍റെ കൈയിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരന്‍റെ പക്കൽനിന്ന് എന്നെ പാലിക്കേണമേ.

2 അവര്‍ ഹൃദയത്തിൽ അനര്‍ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു.

3 അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ.

4 യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്‍റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്‍റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.

5 ഗര്‍വികള്‍ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വച്ചിരിക്കുന്നു. സേലാ.

6 നീ എന്‍റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്‍റെ യാചനകളെ കേള്‍ക്കേണമേ.

7 എന്‍റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്‍റെ തലയിൽ ശിരസ്ത്രം ഇടുന്നു.

8 യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്‍റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.

9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,- അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.

10 തീക്കനൽ അവരുടെമേൽ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.

11 വാവിഷ്ഠാണക്കാരന്‍ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനര്‍ഥം നായാടി ഉന്മൂലനാശം വരുത്തും.

12 യഹോവ പീഡിതന്‍റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.

13 അതേ, നീതിമാന്മാര്‍ നിന്‍റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്‍റെ സന്നിധിയിൽ വസിക്കും.

  • Psalms 139 — previous chapter
  • Psalms 141 — next chapter
  • Psalms 140 — English (KJV)
  • Psalms 140 — English (WEB)
  • Psalms 140 — Tamil (தமிழ்)
  • Psalms 140 — Hindi (हिंदी)
  • Psalms 140 — Kannada (ಕನ್ನಡ)