സങ്കീർത്തനങ്ങൾ 139 (Psalms 139)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;

2 ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്‍റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.

3 എന്‍റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്‍റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.

4 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്‍റെ നാവിന്മേൽ ഇല്ല.

5 നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്‍റെ കൈ എന്‍റെമേൽ വച്ചിരിക്കുന്നു.

6 ഈ പരിജ്ഞാനം എനിക്കു അത്യദ്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.

7 നിന്‍റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധിവിട്ടു ഞാന്‍ എവിടേക്ക് ഓടും?

8 ഞാന്‍ സ്വര്‍ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്; പാതാളത്തിൽ എന്‍റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.

9 ഞാന്‍ ഉഷസ്സിന്‍ചിറകു ധരിച്ച്, സമുദ്രത്തിന്‍റെ അറ്റത്തുചെന്നു പാര്‍ത്താൽ

10 അവിടെയും നിന്‍റെ കൈ എന്നെ നടത്തും; നിന്‍റെ വലംകൈ എന്നെ പിടിക്കും.

11 ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്‍റെ ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാൽ

12 ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നെ.

13 നീയല്ലോ എന്‍റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചത്, എന്‍റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.

14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികള്‍ അദ്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

15 ഞാന്‍ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്‍റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല.

16 ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്‍റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്‍റെ പുസ്തകത്തിൽ എഴുതിയിരുന്നു;

17 ദൈവമേ, നിന്‍റെ വിചാരങ്ങള്‍ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്!

18 അവയെ എണ്ണിയാൽ മണലിനെക്കാള്‍ അധികം; ഞാന്‍ ഉണരുമ്പോള്‍ ഇനിയും ഞാന്‍ നിന്‍റെ അടുക്കൽ ഇരിക്കുന്നു.

19 ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിന്‍.

20 അവര്‍ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്‍റെ ശത്രുക്കള്‍ നിന്‍റെ നാമം വൃഥാ എടുക്കുന്നു.

21 യഹോവേ, നിന്നെ പകയ്ക്കുന്നവരെ ഞാന്‍ പകയ്ക്കേണ്ടതല്ലയോ? നിന്നോട് എതിര്‍ത്തുനില്ക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ?

22 ഞാന്‍ പൂര്‍ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്‍റെ ശത്രുക്കളായി എണ്ണുന്നു.

23 ദൈവമേ, എന്നെ ശോധന ചെയ്ത് എന്‍റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്‍റെ നിനവുകളെ അറിയേണമേ.

24 വ്യസനത്തിനുള്ള മാര്‍ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാര്‍ഗത്തിൽ എന്നെ നടത്തേണമേ.

  • Psalms 138 — previous chapter
  • Psalms 140 — next chapter
  • Psalms 139 — English (KJV)
  • Psalms 139 — English (WEB)
  • Psalms 139 — Tamil (தமிழ்)
  • Psalms 139 — Hindi (हिंदी)
  • Psalms 139 — Kannada (ಕನ್ನಡ)