സങ്കീർത്തനങ്ങൾ 141 (Psalms 141)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോട് അപേക്ഷിക്കുമ്പോള്‍ എന്‍റെ അപേക്ഷ കേള്‍ക്കേണമേ.

2 എന്‍റെ പ്രാര്‍ഥന തിരുസന്നിധിയിൽ ധൂപമായും എന്‍റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.

3 യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിര്‍ത്തി, എന്‍റെ അധരദ്വാരം കാക്കേണമേ.

4 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാന്‍ എന്‍റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയും അരുതേ.

5 നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്‍റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരേ എനിക്കു പ്രാര്‍ഥനയേയുള്ളൂ.

6 അവരുടെ ന്യായാധിപന്മാരെ പാറമേൽനിന്നു തള്ളിയിടും; എന്‍റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാൽ അവര്‍ അവയെ കേള്‍ക്കും.

7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്‍റെ വാതിൽക്കൽ ചിതറിക്കിടക്കുന്നു.

8 കര്‍ത്താവായ യഹോവേ, എന്‍റെ കണ്ണ് നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്‍റെ പ്രാണനെ തൂകിക്കളയരുതേ.

9 അവര്‍ എനിക്കു വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.

10 ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്ത വലകളിൽ അകപ്പെടട്ടെ.

  • Psalms 140 — previous chapter
  • Psalms 142 — next chapter
  • Psalms 141 — English (KJV)
  • Psalms 141 — English (WEB)
  • Psalms 141 — Tamil (தமிழ்)
  • Psalms 141 — Hindi (हिंदी)
  • Psalms 141 — Kannada (ಕನ್ನಡ)