സദൃശവാക്യങ്ങൾ 28 (Proverbs 28)

Malayalam Bible — Malayalam (മലയാളം)

1 ആരും ഓടിക്കാതെ ദുഷ്ടന്മാര്‍ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.

2 ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്‍റെ വ്യവസ്ഥ ദീര്‍ഘമായി നില്ക്കുന്നു.

3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന്‍ വിളവിനെ വച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

4 ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിര്‍ക്കുന്നു.

5 ദുഷ്ടന്മാര്‍ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

6 തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ പരമാര്‍ഥതയിൽ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍.

7 ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന്‍ ബുദ്ധിയുള്ള മകന്‍; അതിഭക്ഷകന്മാര്‍ക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

8 പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ധിപ്പിക്കുന്നവന്‍ അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു.

9 ന്യായപ്രമാണം കേള്‍ക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്‍റെ പ്രാര്‍ഥനതന്നെയും വെറുപ്പാകുന്നു.

10 നേരുള്ളവരെ ദുര്‍മാര്‍ഗത്തിലേക്കു തെറ്റിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയിൽ തന്നെ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

11 ധനവാന്‍ തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

12 നീതിമാന്മാര്‍ ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.

13 തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.

14 എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ഥത്തിൽ അകപ്പെടും.

15 അഗതികളിൽ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന്‍ ഗര്‍ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍.

16 ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.

17 രക്തപാതകഭാരം ചുമക്കുന്നവന്‍ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുത്.

18 നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

19 നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

20 വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണന്‍; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല.

21 മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യന്‍ അന്യായം ചെയ്യും.

22 കണ്ണുകടിയുള്ളവന്‍ ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവന്‍ അറിയുന്നതുമില്ല.

23 ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും.

24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് അത് അക്രമമല്ല എന്നു പറയുന്നവന്‍ നാശകന്‍റെ സഖി.

25 അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്‍ടി പ്രാപിക്കും.

26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവന്‍ മൂഢന്‍; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

27 ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.

28 ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര്‍ വര്‍ധിക്കുന്നു.

  • Proverbs 27 — previous chapter
  • Proverbs 29 — next chapter
  • Proverbs 28 — English (KJV)
  • Proverbs 28 — English (WEB)
  • Proverbs 28 — Tamil (தமிழ்)
  • Proverbs 28 — Hindi (हिंदी)
  • Proverbs 28 — Kannada (ಕನ್ನಡ)