സദൃശവാക്യങ്ങൾ 29 (Proverbs 29)

Malayalam Bible — Malayalam (മലയാളം)

1 കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

2 നീതിമാന്മാര്‍ വര്‍ധിക്കുമ്പോള്‍ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നു.

3 ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവന്‍ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്തു നശിപ്പിക്കുന്നു.

4 രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്‍റെ കാലിന് ഒരു വല വിരിക്കുന്നു.

6 ദുഷ്കര്‍മി തന്‍റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

7 നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.

8 പരിഹാസികള്‍ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.

9 ജ്ഞാനിക്കും ഭോഷനും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

10 രക്തപാതകന്മാര്‍ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്‍റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

11 മൂഢന്‍ തന്‍റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.

12 അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാൽ അവന്‍റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

13 ദരിദ്രനും പീഡകനും തമ്മിൽ എതിര്‍പെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.

14 അഗതികള്‍ക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

15 വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്കു ലജ്ജ വരുത്തുന്നു.

16 ദുഷ്ടന്മാര്‍ പെരുകുമ്പോള്‍ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

17 നിന്‍റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്ക് ആശ്വാസമായിത്തീരും; അവന്‍ നിന്‍റെ മനസ്സിനു പ്രമോദം വരുത്തും.

18 വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍.

19 ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

20 വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.

21 ദാസനെ ബാല്യംമുതൽ ലാളിച്ചു വളര്‍ത്തുന്നവനോട് അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.

22 കോപമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ അതിക്രമം വര്‍ധിപ്പിക്കുന്നു.

23 മനുഷ്യന്‍റെ ഗര്‍വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

24 കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകയ്ക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.

25 മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

26 അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്‍റെ ന്യായവിധിയോ യഹോവയാൽ വരുന്നു.

27 നീതികെട്ടവന്‍ നീതിമാന്മാര്‍ക്കു വെറുപ്പ്; സന്മാര്‍ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പ്.

  • Proverbs 28 — previous chapter
  • Proverbs 30 — next chapter
  • Proverbs 29 — English (KJV)
  • Proverbs 29 — English (WEB)
  • Proverbs 29 — Tamil (தமிழ்)
  • Proverbs 29 — Hindi (हिंदी)
  • Proverbs 29 — Kannada (ಕನ್ನಡ)