സദൃശവാക്യങ്ങൾ 27 (Proverbs 27)

Malayalam Bible — Malayalam (മലയാളം)

1 നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.

2 നിന്‍റെ വായല്ല മറ്റൊരുത്തന്‍, നിന്‍റെ അധരമല്ല; വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.

3 കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്‍റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്.

4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കു നില്ക്കാം?

5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്.

6 സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്‍റെ ചുംബനങ്ങളോ കണക്കിലധികം.

7 തിന്നു തൃപ്തനായവന്‍ തേന്‍കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം.

8 കൂടു വിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്‍റെ മാധുര്യവും അങ്ങനെ തന്നെ.

10 നിന്‍റെ സ്നേഹിതനെയും അപ്പന്‍റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്‍റെ കഷ്ടകാലത്തു സഹോദരന്‍റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരന്‍ നല്ലത്.

11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിനു നീ ജ്ഞാനിയായി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

12 വിവേകമുള്ളവന്‍ അനര്‍ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.

13 അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്‍ക; പരസ്ത്രീക്കുവേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.

14 അതികാലത്ത് എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അതു ശാപമായി എണ്ണപ്പെടും.

15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോര്‍ച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

16 അവളെ ഒതുക്കുവാന്‍ നോക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു; അവന്‍റെ വലംകൈകൊണ്ട് എണ്ണയെ പിടിപ്പാന്‍ പോകുന്നു.

17 ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; മനുഷ്യന്‍ മനുഷ്യനു മൂര്‍ച്ചകൂട്ടുന്നു.

18 അത്തി കാക്കുന്നവന്‍ അതിന്‍റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.

19 വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യന്‍ തന്‍റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു.

20 പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തിവരുന്നില്ല; മനുഷ്യന്‍റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല.

21 വെള്ളിക്കു പുടവും പൊന്നിനു മൂശയും ശോധന; മനുഷ്യനോ അവന്‍റെ പ്രശംസ.

22 ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവിൽപോലെ ഇടിച്ചാലും അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല.

23 നിന്‍റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക; നിന്‍റെ കന്നുകാലികളിൽ നന്നായി ദൃഷ്‍ടി വയ്ക്കുക.

24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

25 പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളംപുല്ലു മുളച്ചു വരുന്നു; പര്‍വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

26 കുഞ്ഞാടുകള്‍ നിനക്ക് ഉടുപ്പിനും കോലാടുകള്‍ നിലത്തിന്‍റെ വിലയ്ക്കും ഉതകും.

27 കോലാടുകളുടെ പാൽ നിന്‍റെ ആഹാരത്തിനും നിന്‍റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്‍റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

  • Proverbs 26 — previous chapter
  • Proverbs 28 — next chapter
  • Proverbs 27 — English (KJV)
  • Proverbs 27 — English (WEB)
  • Proverbs 27 — Tamil (தமிழ்)
  • Proverbs 27 — Hindi (हिंदी)
  • Proverbs 27 — Kannada (ಕನ್ನಡ)