സെഖര്യാ 7 (Zechariah 7)

Malayalam Bible — Malayalam (മലയാളം)

1 ദാര്യാവേശ്‍രാജാവിന്‍റെ നാലാം ആണ്ടിൽ, കിസ്ലേവ് എന്ന ഒമ്പതാം മാസം, നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.

2 ബേഥേൽകാര്‍ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു സരേസരിനെയും രേഗെം- മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,

3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങള്‍ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.

4 അപ്പോള്‍ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ:

5 നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: നിങ്ങള്‍ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങള്‍ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്?

6 നിങ്ങള്‍ ഭക്ഷിക്കുമ്പോഴും പാനംചെയ്യുമ്പോഴും നിങ്ങള്‍ തന്നെയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നത്?

7 യെരൂശലേമിനും അതിന്‍റെ ചുറ്റും അതിന്‍റെ ഉപനഗരങ്ങള്‍ക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേ ദേശത്തിനും താഴ്വീതിക്കും നിവാസികള്‍ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങള്‍ കേട്ടനുസരിക്കേണ്ടതല്ലയോ?

8 യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ:

9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിന്‍.

10 വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്‍റെ സഹോദരന്‍റെ നേരേ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുത്.

11 എന്നാൽ ചെവികൊടുപ്പാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു; അവര്‍ ദുശ്ശാഠ്യം കാണിക്കയും കേള്‍ക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.

12 അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്‍റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്ന് ഒരു മഹാകോപം വന്നു.

13 ആകയാൽ ഞാന്‍ വിളിച്ചിട്ടും അവര്‍ കേള്‍ക്കാതിരുന്നതുപോലെ തന്നെ അവര്‍ നിലവിളിക്കും; ഞാന്‍ കേള്‍ക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

14 ഞാന്‍ ഒരു ചുഴലിക്കാറ്റുകൊണ്ട് അവരെ അവര്‍ അറിയാത്ത സകല ജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായിത്തീര്‍ന്നു; അങ്ങനെ അവര്‍ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.

  • Zechariah 6 — previous chapter
  • Zechariah 8 — next chapter
  • Zechariah 7 — English (KJV)
  • Zechariah 7 — English (WEB)
  • Zechariah 7 — Tamil (தமிழ்)
  • Zechariah 7 — Hindi (हिंदी)
  • Zechariah 7 — Kannada (ಕನ್ನಡ)