സെഖര്യാ 6 (Zechariah 6)

Malayalam Bible — Malayalam (മലയാളം)

1 ഞാന്‍ വീണ്ടും തലപൊക്കി നോക്കിയപ്പോള്‍ രണ്ടു പര്‍വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്‍വതങ്ങളോ താമ്രപര്‍വതങ്ങള്‍ ആയിരുന്നു.

2 ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും

3 മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.

4 എന്നോടു സംസാരിക്കുന്ന ദൂതനോട്: യജമാനനേ, ഇത് എന്താകുന്നു എന്നു ഞാന്‍ ചോദിച്ചു.

5 ദൂതന്‍ എന്നോട് ഉത്തരം പറഞ്ഞത്: ഇതു സര്‍വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റ് ആകുന്നു.

6 കറുത്ത കുതിരകള്‍ ഉള്ളത് വടക്കേ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.

7 കുരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാന്‍ നോക്കി: നിങ്ങള്‍ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിന്‍ എന്ന് അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.

8 അവന്‍ എന്നോട് ഉറക്കെ വിളിച്ചു; വടക്കേ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കേ ദേശത്തിങ്കൽ എന്‍റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

9 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

10 നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവര്‍ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്‍റെ മകനായ യോശീയാവിന്‍റെ വീട്ടിൽ നീ അന്നു തന്നെ ചെല്ലേണം.

11 അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയുടെ തലയിൽവച്ച് അവനോടു പറയേണ്ടതെന്തെന്നാൽ:

12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവന്‍ തന്‍റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.

13 അവന്‍ തന്നെ യഹോവയുടെ മന്ദിരം പണിയും; അവന്‍ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവന്‍ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവര്‍ക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.

14 ആ കിരീടമോ, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്‍റെ മകനായ ഹേന്‍ എന്നിവരുടെ ഓര്‍മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.

15 എന്നാൽ ദൂരസ്ഥന്മാര്‍ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും; നിങ്ങള്‍ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അതു സംഭവിക്കും.

  • Zechariah 5 — previous chapter
  • Zechariah 7 — next chapter
  • Zechariah 6 — English (KJV)
  • Zechariah 6 — English (WEB)
  • Zechariah 6 — Tamil (தமிழ்)
  • Zechariah 6 — Hindi (हिंदी)
  • Zechariah 6 — Kannada (ಕನ್ನಡ)