സെഖര്യാ 5 (Zechariah 5)

Malayalam Bible — Malayalam (മലയാളം)

1 ഞാന്‍ വീണ്ടും തലപൊക്കി നോക്കിയപ്പോള്‍, പാറിപ്പോകുന്ന ഒരു ചുരുള്‍ കണ്ടു.

2 അവന്‍ എന്നോട്: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്: പാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട് എന്നു ഞാന്‍ ഉത്തരം പറഞ്ഞു.

3 അവന്‍ എന്നോടു പറഞ്ഞത്: ഇതു സര്‍വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്‍ടിക്കുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.

4 ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ട് അതു കള്ളന്‍റെ വീട്ടിലേക്കും എന്‍റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കും ചെല്ലും; അത് അവന്‍റെ വീട്ടിനകത്തു താമസിച്ച്, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

5 അനന്തരം എന്നോടു സംസാരിക്കുന്ന ദൂതന്‍ പുറത്തുവന്ന് എന്നോട്: നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.

6 അതെന്തെന്നു ഞാന്‍ ചോദിച്ചതിനു: പുറപ്പെടുന്നതായൊരു ഏഫാ എന്ന് അവന്‍ പറഞ്ഞു; അതു സര്‍വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവന്‍ പറഞ്ഞു.

7 പിന്നെ ഞാന്‍ വട്ടത്തിലുള്ളൊരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.

8 ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞ് അവന്‍ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.

9 ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, രണ്ടു സ്ത്രീകള്‍ പുറത്തുവരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവര്‍ക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവര്‍ ഭൂമിക്കും ആകാശത്തിനും മധ്യേ ഏഫായെ പൊക്കിക്കൊണ്ടുപോയി.

10 എന്നോടു സംസാരിക്കുന്ന ദൂതനോട്: അവര്‍ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാന്‍ ചോദിച്ചു.

11 അതിന് അവന്‍: ശിനാര്‍ദേശത്ത് അവര്‍ അവള്‍ക്ക് ഒരു വീടു പണിവാന്‍ പോകുന്നു; അതു തീര്‍ന്നാൽ അവളെ സ്വസ്ഥാനത്തു പാര്‍പ്പിക്കും എന്ന് എന്നോടു പറഞ്ഞു.

  • Zechariah 4 — previous chapter
  • Zechariah 6 — next chapter
  • Zechariah 5 — English (KJV)
  • Zechariah 5 — English (WEB)
  • Zechariah 5 — Tamil (தமிழ்)
  • Zechariah 5 — Hindi (हिंदी)
  • Zechariah 5 — Kannada (ಕನ್ನಡ)