സങ്കീർത്തനങ്ങൾ 96 (Psalms 96)

Malayalam Bible — Malayalam (മലയാളം)

1 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിന്‍; സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിന്‍.

2 യഹോവയ്ക്കു പാടി അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍; നാള്‍തോറും അവന്‍റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍.

3 ജാതികളുടെ ഇടയിൽ അവന്‍റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്‍റെ അദ്ഭുതങ്ങളും വിവരിപ്പിന്‍.

4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകല ദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍.

5 ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.

6 ബഹുമാനവും തേജസ്സും അവന്‍റെ മുമ്പിലും ബലവും ശോഭയും അവന്‍റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.

7 ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിന്‍; മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിന്‍.

8 യഹോവയ്ക്ക് അവന്‍റെ നാമത്തിനു തക്ക മഹത്ത്വം കൊടുപ്പിന്‍; തിരുമുൽക്കാഴ്ചയുമായി അവന്‍റെ പ്രാകാരങ്ങളിൽ ചെല്ലുവിന്‍.

9 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍; സകല ഭൂവാസികളുമായുള്ളോരേ, അവന്‍റെ മുമ്പിൽ നടുങ്ങുവിന്‍.

10 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിന്‍; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.

11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്‍റെ നിറവും മുഴങ്ങുകയും ചെയ്യട്ടെ.

12 വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകല വൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.

13 യഹോവയുടെ സന്നിധിയിൽ തന്നെ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

  • Psalms 95 — previous chapter
  • Psalms 97 — next chapter
  • Psalms 96 — English (KJV)
  • Psalms 96 — English (WEB)
  • Psalms 96 — Tamil (தமிழ்)
  • Psalms 96 — Hindi (हिंदी)
  • Psalms 96 — Kannada (ಕನ್ನಡ)