സങ്കീർത്തനങ്ങൾ 95 (Psalms 95)

Malayalam Bible — Malayalam (മലയാളം)

1 വരുവിന്‍, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക.

2 നാം സ്തോത്രത്തോടെ അവന്‍റെ സന്നിധിയിൽ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന് ഘോഷിക്ക.

3 യഹോവ മഹാദൈവമല്ലോ; അവന്‍ സകല ദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നെ.

4 ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്‍റെ കൈയിൽ ആകുന്നു; പര്‍വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.

5 സമുദ്രം അവനുള്ളത്; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്‍റെ കൈകള്‍ മനഞ്ഞിരിക്കുന്നു.

6 വരുവിന്‍, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.

7 അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്‍റെ കൈക്കലെ ആടുകളുംതന്നെ.

8 ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്.

9 അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്‍റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.

10 നാല്പത് ആണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളൊരു ജനം എന്നും എന്‍റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.

11 ആകയാൽ അവര്‍ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലന്നു ഞാന്‍ എന്‍റെ ക്രോധത്തിൽ സത്യം ചെയ്തു.

  • Psalms 94 — previous chapter
  • Psalms 96 — next chapter
  • Psalms 95 — English (KJV)
  • Psalms 95 — English (WEB)
  • Psalms 95 — Tamil (தமிழ்)
  • Psalms 95 — Hindi (हिंदी)
  • Psalms 95 — Kannada (ಕನ್ನಡ)