സങ്കീർത്തനങ്ങൾ 42 (Psalms 42)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. [] മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്‍റെ ആത്മാവ് നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.

2 എന്‍റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; ഞാന്‍ എപ്പോള്‍ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.

3 നിന്‍റെ ദൈവം എവിടെ എന്ന് അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ട് എന്‍റെ കണ്ണുനീര്‍ രാവും പകലും എന്‍റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു.

4 ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമധ്യേ ഞാന്‍ ദൈവാലയത്തിലേക്കു ചെന്നത് ഓര്‍ത്ത് എന്‍റെ ഉള്ളം എന്നിൽ പകരുന്നു.

5 എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; അവന്‍ എന്‍റെ മുഖപ്രകാശകരക്ഷയും എന്‍റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

6 എന്‍റെ ദൈവമേ, എന്‍റെ ആത്മാവ് എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ട് യോര്‍ദ്ദാന്‍പ്രദേശത്തും ഹെര്‍മ്മോന്‍പര്‍വതങ്ങളിലും മിസാര്‍മലയിലുംവച്ച് ഞാന്‍ നിന്നെ ഓര്‍ക്കുന്നു;

7 നിന്‍റെ നീര്‍ച്ചാട്ടങ്ങളുടെ ഇരച്ചിലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്‍റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്‍റെ മീതെ കടന്നുപോകുന്നു.

8 യഹോവ പകൽനേരത്ത് തന്‍റെ ദയ കല്പിക്കും; രാത്രിസമയത്ത് ഞാന്‍ അവനു പാട്ടു പാടിക്കൊണ്ടിരിക്കും; എന്‍റെ ജീവന്‍റെ ദൈവത്തോടുള്ള പ്രാര്‍ഥന തന്നെ.

9 നീ എന്നെ മറന്നത് എന്ത്? ശത്രുവിന്‍റെ ഉപദ്രവം ഹേതുവായി ഞാന്‍ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്ത്? എന്നു ഞാന്‍ എന്‍റെ പാറയായ ദൈവത്തോടു പറയും.

10 നിന്‍റെ ദൈവം എവിടെ എന്ന് എന്‍റെ ശത്രുക്കള്‍ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ട് എന്‍റെ അസ്ഥികളെ തകര്‍ക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.

11 എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവന്‍ എന്‍റെ മുഖപ്രകാശകരക്ഷയും എന്‍റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

  • Psalms 41 — previous chapter
  • Psalms 43 — next chapter
  • Psalms 42 — English (KJV)
  • Psalms 42 — English (WEB)
  • Psalms 42 — Tamil (தமிழ்)
  • Psalms 42 — Hindi (हिंदी)
  • Psalms 42 — Kannada (ಕನ್ನಡ)