സങ്കീർത്തനങ്ങൾ 16 (Psalms 16)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ സ്വര്‍ണഗീതം. [] ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ.

2 ഞാന്‍ യഹോവയോടു പറഞ്ഞത്: നീ എന്‍റെ കര്‍ത്താവാകുന്നു; നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല.

3 ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നെ.

4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കയുമില്ല.

5 എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും പങ്ക് യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.

6 അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.

7 എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്‍റെ അന്തഃരംഗം എന്നെ ഉപദേശിക്കുന്നു.

8 ഞാന്‍ യഹോവയെ എപ്പോഴും എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. അവന്‍ എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങിപ്പോകയില്ല.

9 അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ച് എന്‍റെ മനസ്സ് ആനന്ദിക്കുന്നു; എന്‍റെ ജഡവും നിര്‍ഭയമായി വസിക്കും.

10 നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്‍മാന്‍ സമ്മതിക്കയുമില്ല.

11 ജീവന്‍റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്‍റെ സന്നിധിയിൽ സന്തോഷപരിപൂര്‍ണതയും നിന്‍റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

  • Psalms 15 — previous chapter
  • Psalms 17 — next chapter
  • Psalms 16 — English (KJV)
  • Psalms 16 — English (WEB)
  • Psalms 16 — Tamil (தமிழ்)
  • Psalms 16 — Hindi (हिंदी)
  • Psalms 16 — Kannada (ಕನ್ನಡ)