സങ്കീർത്തനങ്ങൾ 145 (Psalms 145)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] എന്‍റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.

2 നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.

3 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്‍റെ മഹിമ അഗോചരമത്രേ.

4 തലമുറതലമുറയോടു നിന്‍റെ ക്രിയകളെ പുകഴ്ത്തി നിന്‍റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.

5 നിന്‍റെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്ത്വത്തെയും നിന്‍റെ അദ്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.

6 മനുഷ്യര്‍ നിന്‍റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്‍റെ മഹിമയെ വര്‍ണിക്കും.

7 അവര്‍ നിന്‍റെ വലിയ നന്മയുടെ ഓര്‍മയെ പ്രസിദ്ധമാക്കും; നിന്‍റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.

8 യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍.

9 യഹോവ എല്ലാവര്‍ക്കും നല്ലവന്‍; തന്‍റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു.

10 യഹോവേ, നിന്‍റെ സകല പ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.

11 മനുഷ്യപുത്രന്മാരോട് അവന്‍റെ വീര്യപ്രവൃത്തികളും അവന്‍റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്ത്വവും പ്രസ്താവിക്കേണ്ടതിനു

12 അവര്‍ നിന്‍റെ രാജത്വത്തിന്‍റെ മഹത്ത്വം പ്രസിദ്ധമാക്കി നിന്‍റെ ശക്തിയെക്കുറിച്ചു സംസാരിക്കും.

13 നിന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്‍റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.

14 വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെയൊക്കെയും അവന്‍ നിവിര്‍ത്തുന്നു.

15 എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്ത് അവര്‍ക്കു ഭക്ഷണം കൊടുക്കുന്നു.

16 നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.

17 യഹോവ തന്‍റെ സകല വഴികളിലും നീതിമാനും തന്‍റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു.

18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.

19 തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും.

20 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;

21 എന്‍റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകല ജഡവും അവന്‍റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

  • Psalms 144 — previous chapter
  • Psalms 146 — next chapter
  • Psalms 145 — English (KJV)
  • Psalms 145 — English (WEB)
  • Psalms 145 — Tamil (தமிழ்)
  • Psalms 145 — Hindi (हिंदी)
  • Psalms 145 — Kannada (ಕನ್ನಡ)