സങ്കീർത്തനങ്ങൾ 137 (Psalms 137)

Malayalam Bible — Malayalam (മലയാളം)

1 ബാബേൽനദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.

2 അതിന്‍റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.

3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍: സീയോന്‍ഗീതങ്ങളിൽ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.

4 ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?

5 യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കിൽ എന്‍റെ വലംകൈ മറന്നുപോകട്ടെ.

6 നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാൽ, യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാൽ, എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.

7 ഇടിച്ചുകളവിന്‍, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍! എന്നിങ്ങനെ പറഞ്ഞ എദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്‍റെ നാള്‍ ഓര്‍ക്കേണമേ.

8 നാശം അടുത്തിരിക്കുന്ന ബാബേൽ പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

9 നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍.

  • Psalms 136 — previous chapter
  • Psalms 138 — next chapter
  • Psalms 137 — English (KJV)
  • Psalms 137 — English (WEB)
  • Psalms 137 — Tamil (தமிழ்)
  • Psalms 137 — Hindi (हिंदी)
  • Psalms 137 — Kannada (ಕನ್ನಡ)