സങ്കീർത്തനങ്ങൾ 132 (Psalms 132)

Malayalam Bible — Malayalam (മലയാളം)

1 ആരോഹണഗീതം. [] യഹോവേ, ദാവീദിനെയും അവന്‍റെ സകല കഷ്ടതയെയും ഓര്‍ക്കേണമേ.

2 അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്‍റെ വല്ലഭനു നേര്‍ന്നത് എന്തെന്നാൽ:

3 ഞാന്‍ യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്‍റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ

4 ഞാന്‍ എന്‍റെ കൂടാരവീട്ടിൽ കടക്കയില്ല; എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

5 ഞാന്‍ എന്‍റെ കണ്ണിന് ഉറക്കവും എന്‍റെ കണ്‍പോളയ്ക്ക് മയക്കവും കൊടുക്കയില്ല.

6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്ത് അതിനെ കണ്ടെത്തിയല്ലോ.

7 നാം അവന്‍റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്‍റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.

8 യഹോവേ, നീ നിന്‍റെ ബലത്തിന്‍റെ പെട്ടകവുമായി നിന്‍റെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ.

9 നിന്‍റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്‍റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.

10 നിന്‍റെ ദാസനായ ദാവീദിന്‍നിമിത്തം നിന്‍റെ അഭിഷിക്തന്‍റെ മുഖത്തെ തിരിച്ചുകളയരുതേ.

11 ഞാന്‍ നിന്‍റെ ഉദരഫലത്തെ നിന്‍റെ സിംഹാസനത്തിൽ ഇരുത്തുമെന്നും

12 നിന്‍റെ മക്കള്‍ എന്‍റെ നിയമത്തെയും ഞാന്‍ അവര്‍ക്ക് ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവന്‍ അതിൽനിന്നു മാറുകയില്ല.

13 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.

14 അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു; ഞാന്‍ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാന്‍ അവിടെ വസിക്കും.

15 അതിലെ ആഹാരം ഞാന്‍ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാര്‍ക്ക് അപ്പംകൊണ്ടു തൃപ്തിവരുത്തും.

16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കും.

17 അവിടെ ഞാന്‍ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്‍റെ അഭിഷിക്തന് ഒരു ദീപം ഒരുക്കീട്ടുമുണ്ട്.

18 ഞാന്‍ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്‍റെ തലയിലോ കിരീടം ശോഭിക്കും.

  • Psalms 131 — previous chapter
  • Psalms 133 — next chapter
  • Psalms 132 — English (KJV)
  • Psalms 132 — English (WEB)
  • Psalms 132 — Tamil (தமிழ்)
  • Psalms 132 — Hindi (हिंदी)
  • Psalms 132 — Kannada (ಕನ್ನಡ)