സങ്കീർത്തനങ്ങൾ 10 (Psalms 10)

Malayalam Bible — Malayalam (മലയാളം)

1 യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്?

2 ദുഷ്ടന്‍റെ അഹങ്കാരത്താൽ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളിൽ അവര്‍ തന്നെ പിടിപെടട്ടെ.

3 ദുഷ്ടന്‍ തന്‍റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.

4 ദുഷ്ടന്‍ ഉന്നതഭാവത്തോടെ: അവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്‍റെ നിരൂപണമൊക്കെയും.

5 അവന്‍റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്‍റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്‍റെ സകല ശത്രുക്കളോടും അവന്‍ ചീറുന്നു.

6 ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ഥത്തിൽ വീഴുകയുമില്ല എന്ന് അവന്‍ തന്‍റെ ഹൃദയത്തിൽ പറയുന്നു.

7 അവന്‍റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്‍റെ നാവിന്‍കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

8 അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേൽ കണ്ണുവച്ചിരിക്കുന്നു.

9 സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവന്‍ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു.

10 അവന്‍ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്‍റെ ബലത്താൽ വീണുപോകുന്നു.

11 ദൈവം മറന്നിരിക്കുന്നു, അവന്‍ തന്‍റെ മുഖം മറച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്ന് അവന്‍ ഹൃദയത്തിൽ പറയുന്നു.

12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.

13 ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്ന് തന്‍റെ ഉള്ളിൽ പറയുന്നതും എന്തിന്?

14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കൽ ഏല്പിക്കുന്നു; അനാഥനു നീ സഹായി ആകുന്നു.

15 ദുഷ്ടന്‍റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിനു പ്രതികാരം ചെയ്യേണമേ.

16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്‍റെ ദേശത്തുനിന്നു നശിച്ചുപോയിരിക്കുന്നു.

17 ഭൂമിയിൽനിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിനു

18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്‍റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.

  • Psalms 9 — previous chapter
  • Psalms 11 — next chapter
  • Psalms 10 — English (KJV)
  • Psalms 10 — English (WEB)
  • Psalms 10 — Tamil (தமிழ்)
  • Psalms 10 — Hindi (हिंदी)
  • Psalms 10 — Kannada (ಕನ್ನಡ)