സംഖ്യ 28 (Numbers 28)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2 എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങള്‍ക്കുള്ള എന്‍റെ ഭോജനമായ വഴിപാട് തക്കസമയത്ത് എനിക്ക് അര്‍പ്പിക്കേണ്ടതിനു ജാഗ്രതയായിരിപ്പാന്‍ യിസ്രായേൽമക്കളോടു കല്പിക്കേണം.

3 നീ അവരോടു പറയേണ്ടത്: നിങ്ങള്‍ യഹോവയ്ക്ക് അര്‍പ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാള്‍തോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാട്.

4 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.

5 ഇടിച്ചെടുത്ത എണ്ണ കാൽ ഹീന്‍ ചേര്‍ത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അര്‍പ്പിക്കേണം.

6 ഇതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപര്‍വതത്തിൽവച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.

7 അതിന്‍റെ പാനീയയാഗം കുഞ്ഞാടൊന്നിനു കാൽ ഹീന്‍ മദ്യംആയിരിക്കേണം; അതു യഹോവയ്ക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം.

8 മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവുംഅതിന്‍റെ പാനീയയാഗവുംപോലെ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.

9 ശബ്ബത്തുനാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവും അതിന്‍റെ പാനീയയാഗവും അര്‍പ്പിക്കേണം.

10 നിരന്തരഹോമയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും പുറമേ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.

11 നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങള്‍ യഹോവയ്ക്കു ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും

12 കാള ഒന്നിനു ഭോജനയാഗമായി എണ്ണചേര്‍ത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റനു ഭോജനയാഗമായി എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവും

13 കുഞ്ഞാടൊന്നിനു ഭോജനയാഗമായി എണ്ണചേര്‍ത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണം. അതു ഹോമയാഗം; യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നെ.

14 അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീന്‍ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്‍റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിനു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.

15 നിരന്തരഹോമയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും പുറമേ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അര്‍പ്പിക്കേണം.

16 ഒന്നാം മാസം പതിന്നാലാം തീയതി യഹോവയുടെ പെസഹ ആകുന്നു.

17 ആ മാസം പതിനഞ്ചാം തീയതി പെരുന്നാള്‍ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

18 ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.

19 എന്നാൽ നിങ്ങള്‍ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

20 അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവ് ആയിരിക്കേണം; കാള ഒന്നിനു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും

21 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അര്‍പ്പിക്കേണം.

22 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിനായി ഒരു കോലാട്ടിനെയും അര്‍പ്പിക്കേണം.

23 നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിനു പുറമേ ഇവ അര്‍പ്പിക്കേണം.

24 ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്‍റെ ഭോജനം ദിവസംപ്രതി അര്‍പ്പിക്കേണം. നിരന്തരഹോമയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും പുറമേ ഇത് അര്‍പ്പിക്കേണം.

25 ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.

26 വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.

27 എന്നാൽ നിങ്ങള്‍ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

28 അവയുടെ ഭോജനയാഗമായി എണ്ണ ചേര്‍ത്ത മാവ്, കാള ഒന്നിന് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും

29 ഏഴ് കുഞ്ഞാട്ടിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും

30 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഒരു കോലാട്ടുകൊറ്റനും വേണം.

31 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമേ നിങ്ങള്‍ ഇവ അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

  • Numbers 27 — previous chapter
  • Numbers 29 — next chapter
  • Numbers 28 — English (KJV)
  • Numbers 28 — English (WEB)
  • Numbers 28 — Tamil (தமிழ்)
  • Numbers 28 — Hindi (हिंदी)
  • Numbers 28 — Kannada (ಕನ್ನಡ)