സംഖ്യ 27 (Numbers 27)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിര്‍സ്സാ എന്നിവരായിരുന്നു.

2 അവര്‍ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ മോശെയുടെയും എലെയാസാര്‍ പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞത് എന്തെന്നാൽ:

3 ഞങ്ങളുടെ അപ്പന്‍ മരുഭൂമിയിൽവച്ചു മരിച്ചുപോയി; എന്നാൽ അവന്‍ യഹോവയ്ക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവനു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല.

4 ഞങ്ങളുടെ അപ്പനു മകന്‍ ഇല്ലായ്കകൊണ്ട് അവന്‍റെ പേര്‍ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്ത്? അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങള്‍ക്ക് ഒരു അവകാശം തരേണം.

5 മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വച്ചു.

6 യഹോവ മോശെയോട് അരുളിച്ചെയ്തത്:

7 സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നെ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ അവര്‍ക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കു കൊടുക്കേണം.

8 നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരുത്തന്‍ മകനില്ലാതെ മരിച്ചാൽ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം.

9 അവനു മകള്‍ ഇല്ലാതിരുന്നാൽ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കു കൊടുക്കേണം.

10 അവനു സഹോദരന്മാര്‍ ഇല്ലാതിരുന്നാൽ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കു കൊടുക്കേണം.

11 അവന്‍റെ അപ്പനു സഹോദരന്മാര്‍ ഇല്ലാതിരുന്നാൽ നിങ്ങള്‍ അവന്‍റെ കുടുംബത്തിൽ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന് അവന്‍റെ അവകാശം കൊടുക്കേണം; അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.

12 അനന്തരം യഹോവ മോശെയോടു കല്പിച്ചത്: ഈ അബാരീംമലയിൽ കയറി ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.

13 അതു കണ്ടശേഷം നിന്‍റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്‍റെ ജനത്തോടു ചേരും.

14 സഭയുടെ കലഹത്തിങ്കൽ നിങ്ങള്‍ സീന്‍മരുഭൂമിയിൽവച്ച് അവര്‍ കാണ്‍കെ വെള്ളത്തിന്‍റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്‍റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീന്‍മരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ.

15 അപ്പോള്‍ മോശെ യഹോവയോട്:

16 യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കു മുമ്പായി പോകുവാനും അവര്‍ക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും അകത്തു കൊണ്ടുവരുവാനും

17 സകല ജഡത്തിന്‍റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.

18 യഹോവ മോശെയോടു കല്പിച്ചത്: എന്‍റെ ആത്മാവുള്ള പുരുഷനായി നൂന്‍റെ മകനായ യോശുവയെ വിളിച്ച് അവന്‍റെമേൽ കൈവച്ച്

19 അവനെ പുരോഹിതനായ എലെയാസാരിന്‍റെയും സര്‍വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന് ആജ്ഞ കൊടുക്ക.

20 യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്‍റെ മഹിമയിൽ ഒരംശം അവന്‍റെമേൽ വയ്ക്കേണം.

21 അവന്‍ പുരോഹിതനായ എലെയാസാരിന്‍റെ മുമ്പാകെ നില്ക്കേണം; അവന്‍ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീം മുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സര്‍വസഭയും അവന്‍റെ വാക്കുപ്രകാരം പോകയും അവന്‍റെ വാക്കുപ്രകാരം വരികയും വേണം.

22 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന്‍ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്‍റെയും സര്‍വസഭയുടെയും മുമ്പാകെ നിര്‍ത്തി.

23 അവന്‍റെമേൽ കൈവച്ചു യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.

  • Numbers 26 — previous chapter
  • Numbers 28 — next chapter
  • Numbers 27 — English (KJV)
  • Numbers 27 — English (WEB)
  • Numbers 27 — Tamil (தமிழ்)
  • Numbers 27 — Hindi (हिंदी)
  • Numbers 27 — Kannada (ಕನ್ನಡ)