ലൂക്കൊസ് 17 (Luke 17)

Malayalam Bible — Malayalam (മലയാളം)

1 അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടര്‍ച്ചകള്‍ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം.

2 അവന്‍ ഈ ചെറിയവരില്‍ ഒരുത്തന് ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരികല്ല് അവന്‍റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നത് അവന് നന്ന്.

3 സൂക്ഷിച്ചുകൊള്‍വിന്‍; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോട് ക്ഷമിക്ക.

4 ദിവസത്തില്‍ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്‍റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോട് ക്ഷമിക്ക.

5 അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോട്: ഞങ്ങള്‍ക്കു വിശ്വാസം വര്‍ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.

6 അതിന് കര്‍ത്താവ് പറഞ്ഞത്: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.

7 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വരുമ്പോള്‍: നീ ക്ഷണത്തില്‍ വന്ന് ഊണിനിരിക്ക എന്ന് അവനോടു പറയുമോ?

8 അല്ല: എനിക്ക് അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അര കെട്ടി എനിക്കു ശുശ്രൂഷ ചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊള്‍ക എന്നു പറകയില്ലയോ?

9 തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ?

10 അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്‍; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിന്‍.

11 അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലയ്ക്കും നടുവില്‍ക്കൂടി കടക്കുമ്പോള്‍

12 ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന് എതിര്‍പെട്ട് അകലെ നിന്നുകൊണ്ട്:

13 യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു.

14 അവന്‍ അവരെ കണ്ടിട്ട്: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കു നിങ്ങളെത്തന്നെ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍തന്നെ അവര്‍ ശുദ്ധരായിത്തീര്‍ന്നു.

15 അവരില്‍ ഒരുത്തന്‍ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന്

16 അവന്‍റെ കാല്ക്കല്‍ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരന്‍ ആയിരുന്നു.

17 പത്തു പേര്‍ ശുദ്ധരായിത്തീര്‍ന്നില്ലയോ? ഒമ്പതു പേര്‍ എവിടെ?

18 ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്:

19 എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

20 ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്;

21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍തന്നെ ഉണ്ടല്ലോ എന്ന് അവന്‍ ഉത്തരം പറഞ്ഞു.

22 പിന്നെ അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങള്‍ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്‍മാന്‍ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും.

23 അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുത്, പിന്‍ചെല്ലുകയുമരുത്.

24 മിന്നല്‍ ആകാശത്തിന്‍കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്‍റെ ദിവസത്തില്‍ ആകും.

25 എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.

26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും.

27 നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന്, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.

28 ലോത്തിന്‍റെ കാലത്തു സംഭവിച്ചതുപോലെയും തന്നെ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.

29 എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചുകളഞ്ഞു.

30 മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നെ ആകും.

31 അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിനകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുത്; അവ്വണ്ണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുത്.

32 ലോത്തിന്‍റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍.

33 തന്‍റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.

34 ആ രാത്രിയില്‍ രണ്ടു പേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.

35 രണ്ടു പേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും

36 [രണ്ടു പേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

37 അവര്‍ അവനോട്: കര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്: ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും എന്ന് അവന്‍ പറഞ്ഞു.

  • Luke 16 — previous chapter
  • Luke 18 — next chapter
  • Luke 17 — English (KJV)
  • Luke 17 — English (WEB)
  • Luke 17 — Tamil (தமிழ்)
  • Luke 17 — Hindi (हिंदी)
  • Luke 17 — Kannada (ಕನ್ನಡ)