ലൂക്കൊസ് 18 (Luke 18)

Malayalam Bible — Malayalam (മലയാളം)

1 മടുത്തുപോകാതെ എപ്പോഴും പ്രാര്‍ഥിക്കേണം എന്നുള്ളതിന് അവന്‍ അവരോട് ഒരുപമ പറഞ്ഞത്:

2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.

3 ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ അവന്‍റെ അടുക്കല്‍ ചെന്നു: എന്‍റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.

4 അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്‍: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല

5 എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള്‍ ഒടുവില്‍ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു.

6 അനീതിയുള്ള ന്യായാധിപന്‍ പറയുന്നതു കേള്‍പ്പിന്‍.

7 ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?

8 വേഗത്തില്‍ അവരെ പ്രതിക്രിയനടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവ് പറഞ്ഞു.

9 തങ്ങള്‍ നീതിമാന്മാര്‍ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവന്‍ ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍:

10 രണ്ടു മനുഷ്യര്‍ പ്രാര്‍ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന്‍ പരീശന്‍, മറ്റവന്‍ ചുങ്കക്കാരന്‍.

11 പരീശന്‍ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു.

12 ആഴ്ചയില്‍ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാര്‍ഥിച്ചു.

13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗത്തേക്കു നോക്കുവാന്‍പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

14 അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

15 അവന്‍ തൊടേണ്ടതിനു ചിലര്‍ ശിശുക്കളെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അതു കണ്ട് അവരെ ശാസിച്ചു.

16 യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.

17 ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

18 ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു.

19 അതിന് യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല.

20 വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

21 ഇവയൊക്കെയും ഞാന്‍ ചെറുപ്പംമുതല്‍ കാത്തുകൊണ്ടിരിക്കുന്നു എന്ന്

22 അവന്‍ പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്‍ക്കു പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

23 അവന്‍ എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീര്‍ന്നു.

24 യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നത് എത്ര പ്രയാസം!

25 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു.

26 ഇതു കേട്ടവര്‍: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു.

27 അതിന് അവന്‍: മനുഷ്യരാല്‍ അസാധ്യമായത് ദൈവത്താല്‍ സാധ്യമാകുന്നു എന്നു പറഞ്ഞു.

28 ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.

29 യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട്

30 ഈ കാലത്തില്‍ തന്നെ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

31 അനന്തരം അവന്‍ പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും.

32 അവനെ ജാതികള്‍ക്ക് ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ

33 പരിഹസിച്ച് അവമാനിച്ചുതുപ്പി തല്ലിയിട്ടു കൊല്ലുകയും മൂന്നാംനാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു.

34 അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവര്‍ക്കു മറവായിരുന്നു; പറഞ്ഞത് അവര്‍ തിരിച്ചറിഞ്ഞതുമില്ല.

35 അവന്‍ യെരീഹോവിന് അടുത്തപ്പോള്‍ ഒരു കുരുടന്‍ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.

36 പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവന്‍ ചോദിച്ചു.

37 നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ അവനോട് അറിയിച്ചു.

38 അപ്പോള്‍ അവന്‍: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.

39 മുന്‍നടക്കുന്നവര്‍ അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോ: ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്ന് ഏറ്റവും അധികം നിലവിളിച്ചു.

40 യേശു നിന്ന്, അവനെ തന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പിച്ചു.

41 അവന്‍ അടുക്കെ വന്നപ്പോള്‍: ഞാന്‍ നിനക്ക് എന്തു ചെയ്യേണം എന്നു ചോദിച്ചു. കര്‍ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്ന് അവന്‍ പറഞ്ഞു.

42 യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്‍റെവിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

43 ക്ഷണത്തില്‍ അവന്‍ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിനു പുകഴ്ച കൊടുത്തു.

  • Luke 17 — previous chapter
  • Luke 19 — next chapter
  • Luke 18 — English (KJV)
  • Luke 18 — English (WEB)
  • Luke 18 — Tamil (தமிழ்)
  • Luke 18 — Hindi (हिंदी)
  • Luke 18 — Kannada (ಕನ್ನಡ)