ലൂക്കൊസ് 16 (Luke 16)

Malayalam Bible — Malayalam (മലയാളം)

1 പിന്നെ അവന്‍ ശിഷ്യന്മാരോടു പറഞ്ഞത്: ധനവാനായൊരു മനുഷ്യന്ഒരു കാര്യവിചാരകന്‍ ഉണ്ടായിരുന്നു; അവന്‍ അവന്‍റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര്‍ അവനെ കുറ്റം പറഞ്ഞു.

2 അവന്‍ അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേള്‍ക്കുന്നത് എന്ത്? നിന്‍റെ കാര്യവിചാരത്തിന്‍റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു.

3 എന്നാറെ കാര്യവിചാരകന്‍: ഞാന്‍ എന്തു ചെയ്യേണ്ടൂ? യജമാനന്‍ കാര്യവിചാരത്തില്‍നിന്ന് എന്നെ നീക്കുവാന്‍ പോകുന്നു; കിളപ്പാന്‍ എനിക്കു പ്രാപ്തിയില്ല; ഇരപ്പാന്‍ ഞാന്‍ നാണിക്കുന്നു.

4 എന്നെ കാര്യവിചാരത്തില്‍നിന്നു നീക്കിയാല്‍ അവര്‍ എന്നെ തങ്ങളുടെ വീടുകളില്‍ ചേര്‍ത്തുകൊള്‍വാന്‍ തക്കവണ്ണം ഞാന്‍ ചെയ്യേണ്ടത് എന്ത് എന്ന് എനിക്ക് അറിയാം എന്ന് ഉള്ളുകൊണ്ടു പറഞ്ഞു.

5 പിന്നെ അവന്‍ യജമാനന്‍റെ കടക്കാരില്‍ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോട്: നീ യജമാനന് എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.

6 നൂറു കുടം എണ്ണ എന്ന് അവന്‍ പറഞ്ഞു.അവന്‍ അവനോട്: നിന്‍റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്ന് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു.

7 അതിന്‍റെ ശേഷം മറ്റൊരുത്തനോട്: നീ എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പ് എന്ന് അവന്‍ പറഞ്ഞു; അവനോട്: നിന്‍റെ കൈച്ചീട്ടു വാങ്ങി എണ്‍പത് എന്ന് എഴുതുക എന്നു പറഞ്ഞു.

8 ഈ അനീതിയുള്ള കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു യജമാനന്‍ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള്‍ ഈ ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ ബുദ്ധിയേറിയവരല്ലോ.

9 അനീതിയുള്ള മാമ്മോനെക്കൊണ്ടു നിങ്ങള്‍ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അത് ഇല്ലാതെയാകുമ്പോള്‍ അവര്‍ നിത്യകൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്‍വാന്‍ ഇടയാകും.

10 അത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍; അത്യല്പത്തില്‍ നീതികെട്ടവന്‍ അധികത്തിലും നീതികെട്ടവന്‍.

11 നിങ്ങള്‍ അനീതിയുള്ള മാമ്മോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായത് നിങ്ങളെ ആര്‍ ഭരമേല്പിക്കും?

12 അന്യമായതില്‍ വിശ്വസ്തരായില്ല എങ്കില്‍ നിങ്ങള്‍ക്കു സ്വന്തമായത് ആര്‍ തരും?

13 രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴികയില്ല; അവന്‍ ഒരുവനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോട് പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാന്‍ കഴികയില്ല.

14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ട് അവനെ പരിഹസിച്ചു.

15 അവന്‍ അവരോട് പറഞ്ഞത്: നിങ്ങള്‍ നിങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര്‍ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില്‍ ഉന്നതമായത് ദൈവത്തിന്‍റെ മുമ്പാകെ അറപ്പത്രേ.

16 ന്യായപ്രമാണത്തിന്‍റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന്‍വരെ ആയിരുന്നു; അന്നുമുതല്‍ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്‍ക്കാരേണ അതില്‍ കടപ്പാന്‍ നോക്കുന്നു.

17 ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണുപോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം.

18 ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്‍ത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

19 ധനവാനായൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.

20 ലാസര്‍ എന്നു പേരുള്ളൊരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്‍റെ പടിപ്പുരയ്ക്കല്‍ കിടന്നു

21 ധനവാന്‍റെ മേശയില്‍നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്‍റെ വ്രണം നക്കും.

22 ആ ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി.

23 ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തുനിന്ന് അബ്രാഹാമിനെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു:

24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്‍ വിരലിന്‍റെ അറ്റം വെള്ളത്തില്‍ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു.

25 അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു.

26 അത്രയുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവേ വലിയൊരു പിളര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു.

27 അതിന് അവന്‍: എന്നാല്‍ പിതാവേ, അവനെ എന്‍റെ അപ്പന്‍റെ വീട്ടില്‍ അയയ്ക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു;

28 എനിക്ക് അഞ്ചു സഹോദരന്മാര്‍ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാന്‍ അവന്‍ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.

29 അബ്രാഹാം അവനോട്: അവര്‍ക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.

30 അതിന് അവന്‍: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു.

31 അവന്‍ അവനോട്: അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

  • Luke 15 — previous chapter
  • Luke 17 — next chapter
  • Luke 16 — English (KJV)
  • Luke 16 — English (WEB)
  • Luke 16 — Tamil (தமிழ்)
  • Luke 16 — Hindi (हिंदी)
  • Luke 16 — Kannada (ಕನ್ನಡ)