ലൂക്കൊസ് 15 (Luke 15)

Malayalam Bible — Malayalam (മലയാളം)

1 ചുങ്കക്കാരും പാപികളും എല്ലാം അവന്‍റെ വചനം കേള്‍പ്പാന്‍ അവന്‍റെ അടുക്കല്‍ വന്നു.

2 ഇവന്‍ പാപികളെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.

3 അവരോട് അവന്‍ ഈ ഉപമ പറഞ്ഞു:

4 നിങ്ങളില്‍ ഒരു ആള്‍ക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?

5 കണ്ടുകിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു

6 വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്ന് അവരോടു പറയും.

7 അങ്ങനെതന്നെ മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

8 അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ട് എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാല്‍ അവള്‍ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?

9 കണ്ടുകിട്ടിയാല്‍ സ്നേഹിതമാരെയും അയല്‍ക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്നു പറയും.

10 അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11 പിന്നെയും അവന്‍ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു.

12 അവരില്‍ ഇളയവന്‍ അപ്പനോട്: അപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കു മുതല്‍ പകുത്തുകൊടുത്തു.

13 ഏറെനാള്‍ കഴിയും മുമ്പേ ഇളയമകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു.

14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി.

15 അവന്‍ ആ ദേശത്തിലെ പൗരന്മാരില്‍ ഒരുത്തനെ ചെന്ന് ആശ്രയിച്ചു; അവന്‍ അവനെ തന്‍റെ വയലില്‍ പന്നികളെ മേയ്പാന്‍ അയച്ചു.

16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാന്‍ അവന്‍ ആഗ്രഹിച്ചു, എങ്കിലും ആരും അവന് കൊടുത്തില്ല.

17 അപ്പോള്‍ സുബോധം വന്നിട്ട് അവന്‍: എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.

18 ഞാന്‍ എഴുന്നേറ്റ് അപ്പന്‍റെ അടുക്കല്‍ ചെന്ന് അവനോട്: അപ്പാ, ഞാന്‍ സ്വര്‍ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.

19 ഇനി നിന്‍റെ മകന്‍ എന്ന പേരിനു ഞാന്‍ യോഗ്യനല്ല ; നിന്‍റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.

20 അങ്ങനെ അവന്‍ എഴുന്നേറ്റ് അപ്പന്‍റെ അടുക്കല്‍ പോയി. ദൂരത്തുനിന്നുതന്നെ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.

21 മകന്‍ അവനോട്: അപ്പാ, ഞാന്‍ സ്വര്‍ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.

22 അപ്പന്‍ തന്‍റെ ദാസന്മാരോട്: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിന്‍; ഇവന്‍റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിന്‍.

23 തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിന്‍; നാം തിന്ന് ആനന്ദിക്ക.

24 ഈ എന്‍റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി.

25 അവന്‍റെ മൂത്തമകന്‍ വയലില്‍ ആയിരുന്നു; അവന്‍ വന്നു വീട്ടിനോട് അടുത്തപ്പോള്‍ വാദ്യവും നൃത്തഘോഷവും കേട്ടു,

26 ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ച്: ഇതെന്ത് എന്നു ചോദിച്ചു.

27 അവന്‍ അവനോട്: നിന്‍റെ സഹോദരന്‍ വന്നു; നിന്‍റെ അപ്പന്‍ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.

28 അപ്പോള്‍ അവന്‍ കോപിച്ച്, അകത്തു കടപ്പാന്‍ മനസ്സില്ലാതെ നിന്നു; അപ്പന്‍ പുറത്തു വന്ന് അവനോട് അപേക്ഷിച്ചു.

29 അവന്‍ അവനോട്: ഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്‍റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിനു നീ ഒരിക്കലും എനിക്ക് ഒരു ആട്ടിന്‍കുട്ടിയെ തന്നിട്ടില്ല.

30 വേശ്യമാരോടുകൂടി നിന്‍റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്‍റെ മകന്‍ വന്നപ്പോഴേക്കോ, തടിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്ന് ഉത്തരം പറഞ്ഞു.

31 അതിന് അവന്‍ അവനോട്: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിന്‍റേത് ആകുന്നു.

32 നിന്‍റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

  • Luke 14 — previous chapter
  • Luke 16 — next chapter
  • Luke 15 — English (KJV)
  • Luke 15 — English (WEB)
  • Luke 15 — Tamil (தமிழ்)
  • Luke 15 — Hindi (हिंदी)
  • Luke 15 — Kannada (ಕನ್ನಡ)