ലൂക്കൊസ് 14 (Luke 14)

Malayalam Bible — Malayalam (മലയാളം)

1 പരീശപ്രമാണികളില്‍ ഒരുത്തന്‍റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

2 മഹോദരമുള്ളൊരു മനുഷ്യന്‍ അവന്‍റെ മുമ്പില്‍ ഉണ്ടായിരുന്നു.

3 യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തില്‍ സൗഖ്യമാക്കുന്നത് വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

4 അവന്‍ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

5 പിന്നെ അവരോട്: നിങ്ങളില്‍ ഒരുത്തന്‍റെ മകനോ കാളയോ ശബ്ബത്തുനാളില്‍ കിണറ്റില്‍ വീണാല്‍

6 ക്ഷണത്തില്‍ വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന് പ്രത്യുത്തരം പറവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

7 ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ട് അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു:

8 ഒരുത്തന്‍ നിന്നെ കല്യാണത്തിനു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുത്; പക്ഷേ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം.

9 പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്ന്: ഇവന് ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള്‍ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും.

10 നിന്നെ വിളിച്ചാല്‍ ചെന്ന് ഒടുക്കത്തെ സ്ഥലത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്ന് ഇരിക്ക എന്നു പറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും.

11 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

12 തന്നെ ക്ഷണിച്ചവനോട് അവന്‍ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള്‍ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാര്‍ച്ചക്കാരെയും സമ്പത്തുള്ള അയല്‍ക്കാരെയും വിളിക്കരുത്; അവര്‍ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.

13 നീ വിരുന്നു കഴിക്കുമ്പോള്‍ ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, മുടന്തന്മാര്‍, കുരുടന്മാര്‍ എന്നിവരെ ക്ഷണിക്ക;

14 എന്നാല്‍ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാന്‍ അവര്‍ക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രത്യുപകാരം ഉണ്ടാകും.

15 കൂടെ പന്തിയിലിരുന്നവരില്‍ ഒരുത്തന്‍ ഇതു കേട്ടിട്ട്: ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ എന്ന് അവനോട് പറഞ്ഞു;

16 അവനോട് അവന്‍ പറഞ്ഞത്: ഒരു മനുഷ്യന്‍ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.

17 അത്താഴസമയത്ത് അവന്‍ തന്‍റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിന്‍ എന്നു പറയിച്ചു.

18 എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവന്‍ അവനോട്: ഞാന്‍ ഒരു നിലം കൊണ്ടതിനാല്‍ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

19 മറ്റൊരുത്തന്‍: ഞാന്‍ അഞ്ചേര്‍ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാന്‍ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

20 വേറൊരുത്തന്‍: ഞാന്‍ ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നു; വരുവാന്‍ കഴിവില്ല എന്നു പറഞ്ഞു.

21 ദാസന്‍ മടങ്ങിവന്നു യജമാനനോട് അറിയിച്ചു. അപ്പോള്‍ വീട്ടുടയവന്‍ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, കുരുടന്മാര്‍, മുടന്തന്മാര്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

22 പിന്നെ ദാസന്‍: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു.

23 യജമാനന്‍ ദാസനോട്: നീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്‍റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബന്ധിക്ക.

24 ആ ക്ഷണിച്ച പുരുഷന്മാര്‍ ആരും എന്‍റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

25 ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോള്‍ അവന്‍ തിരിഞ്ഞ് അവരോട് പറഞ്ഞത്:

26 എന്‍റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകയ്ക്കാതിരിക്കയും ചെയ്യുന്നവന് എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.

27 തന്‍റെ ക്രൂശ് എടുത്തുകൊണ്ട് എന്‍റെ പിന്നാലെ വരാത്തവനും എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.

28 നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്ന് അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?

29 അല്ലെങ്കില്‍ അടിസ്ഥാനം ഇട്ടശേഷം തീര്‍പ്പാന്‍ വകയില്ല എന്നു വന്നേക്കാം; കാണുന്നവര്‍ എല്ലാം:

30 ഈ മനുഷ്യന്‍ പണിവാന്‍ തുടങ്ങി, തീര്‍പ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.

31 അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാന്‍ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താന്‍ പതിനായിരവുമായി എതിര്‍പ്പാന്‍ മതിയോ എന്ന് ആലോചിക്കുന്നില്ലയോ?

32 പോരാ എന്നു വരികില്‍ മറ്റവന്‍ ദൂരത്തിരിക്കുമ്പോള്‍ തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.

33 അങ്ങനെതന്നെ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവനു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.

34 ഉപ്പ് നല്ലതു തന്നെ; ഉപ്പ് കാരമില്ലാതെപോയാല്‍ എന്തൊന്നുകൊണ്ട് അതിനു രസം വരുത്തും?

35 പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തുകളയും. കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.

  • Luke 13 — previous chapter
  • Luke 15 — next chapter
  • Luke 14 — English (KJV)
  • Luke 14 — English (WEB)
  • Luke 14 — Tamil (தமிழ்)
  • Luke 14 — Hindi (हिंदी)
  • Luke 14 — Kannada (ಕನ್ನಡ)