യോശുവ 18 (Joshua 18)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിര്‍ത്തി; ദേശം അവര്‍ക്കു കീഴടങ്ങിയിരുന്നു.

2 എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങള്‍ ശേഷിച്ചിരുന്നു.

3 യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന്‍ പോകുന്നതിന് നിങ്ങള്‍ എത്രത്തോളം മടിച്ചിരിക്കും?

4 ഓരോ ഗോത്രത്തിനും മുമ്മൂന്നുപേരെ നിയമിപ്പിന്‍; ഞാന്‍ അവരെ അയയ്ക്കും; അവര്‍ പുറപ്പെട്ട് ദേശത്തുകൂടി സഞ്ചരിച്ച് തങ്ങള്‍ക്ക് അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്‍റെ അടുക്കൽ മടങ്ങിവരേണം.

5 അത് ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്‍റെ അതിര്‍ക്കകത്ത് തെക്ക് പാര്‍ത്തുകൊള്ളട്ടെ; യോസേഫിന്‍റെ കുലവും തന്‍റെ അതിര്‍ക്കകത്ത് വടക്ക് പാര്‍ത്തുകൊള്ളട്ടെ.

6 അങ്ങനെ നിങ്ങള്‍ ദേശം ഏഴു ഭാഗമായി കണ്ടെഴുതി ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍. ഞാന്‍ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങള്‍ക്കുവേണ്ടി ചീട്ടിടും.

7 ലേവ്യര്‍ക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവര്‍ക്കു കൊടുത്തിട്ടുള്ള അവകാശം യോര്‍ദ്ദാനു കിഴക്കു വാങ്ങിയിരിക്കുന്നു.

8 അങ്ങനെ ആ പുരുഷന്മാര്‍ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന്‍ പോയവരോട് യോശുവ: നിങ്ങള്‍ ചെന്ന് ദേശത്തുകൂടി സഞ്ചരിച്ച് കണ്ടെഴുതുകയും ഞാന്‍ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങള്‍ക്കുവേണ്ടി ചീട്ടിടേണ്ടതിന് എന്‍റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിന്‍ എന്നു പറഞ്ഞു.

9 അവര്‍ പോയി ദേശത്തുകൂടി കടന്ന് നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു.

10 അപ്പോള്‍ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് അവര്‍ക്കുവേണ്ടി ചീട്ടിട്ടു; അവിടെവച്ച് യോശുവ യിസ്രായേൽമക്കള്‍ക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.

11 ബെന്യാമീന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്‍റെ അതിര്‍ യെഹൂദായുടെ മക്കളുടെയും യോസേഫിന്‍റെ മക്കളുടെയും മധ്യേ കിടക്കുന്നു.

12 വടക്കുഭാഗത്ത് അവരുടെ വടക്കേ അതിര്‍ യോര്‍ദ്ദാങ്കൽ തുടങ്ങി വടക്ക് യെരീഹോവിന്‍റെ പാര്‍ശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽക്കൂടി കയറി ബേത്ത്-ആവെന്‍ മരുഭൂമിയിങ്കൽ അവസാനിക്കുന്നു.

13 അവിടെനിന്ന് ആ അതിര്‍ ബേഥേൽ എന്ന ലൂസിന്‍റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്‍റെ തെക്കുവശത്തുള്ള മലവഴിയായി അതാരോത്ത്-അദ്ദാരിലേക്ക് ഇറങ്ങുന്നു.

14 പിന്നെ ആ അതിര്‍ വളഞ്ഞ് പടിഞ്ഞാറേ വശത്ത് ബേത്ത്-ഹോരോന് എതിരേയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലായിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറേഭാഗം.

15 തെക്കേഭാഗം കിര്യത്ത്-യെയാരീമിന്‍റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹവെള്ളത്തിന്‍റെ ഉറവുവരെ ചെല്ലുന്നു.

16 പിന്നെ ആ അതിര്‍ ബെന്‍-ഹിന്നോം താഴ്വരയ്ക്കെതിരേയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോംതാഴ്വരയിൽക്കൂടി തെക്കോട്ടു യെബൂസ്യപര്‍വതത്തിന്‍റെ പാര്‍ശ്വംവരെയും ഏന്‍-രോഗേൽവരെയും ഇറങ്ങി വടക്കോട്ടു തിരിഞ്ഞ്

17 ഏന്‍-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ ഇറങ്ങി

18 അരാബായ്ക്കെതിരേയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബായിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

19 പിന്നെ ആ അതിര്‍ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോര്‍ദ്ദാന്‍റെ അഴിമുഖത്ത് ഉപ്പുകടലിന്‍റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കേ അതിര്‍.

20 അതിന്‍റെ കിഴക്കേ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇത് ബെന്യാമീന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ ചുറ്റുമുള്ള അതിരുകള്‍.

21 എന്നാൽ ബെന്യാമീന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍: യെരീഹോ, ബേത്ത്-ഹൊഗ്ലാ, ഏമെക്-കെസീസ്,

22 ബേത്ത്-അരാബാ, സെമാറയീം, ബേഥേൽ,

23 അവ്വീം, പാരാ, ഒഫ്രാ,

24 കെഫാര്‍-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;

25 ഗിബെയോന്‍, രാമാ, ബേരോത്ത്,

26 മിസ്പെ, കെഫീരാ, മോസാ,

27 രേക്കെം, യിര്‍പ്പേൽ, തരലാ,

28 സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും. ഇത് ബെന്യാമീന്‍മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

  • Joshua 17 — previous chapter
  • Joshua 19 — next chapter
  • Joshua 18 — English (KJV)
  • Joshua 18 — English (WEB)
  • Joshua 18 — Tamil (தமிழ்)
  • Joshua 18 — Hindi (हिंदी)
  • Joshua 18 — Kannada (ಕನ್ನಡ)