ഇയ്യോബ് 5 (Job 5)

Malayalam Bible — Malayalam (മലയാളം)

1 വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

2 നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.

3 മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തിൽ അവന്‍റെ പാര്‍പ്പിടത്തെ ശപിച്ചു.

4 അവന്‍റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതിൽക്കൽവച്ചു തകര്‍ന്നുപോകുന്നു.

5 അവന്‍റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവര്‍ കപ്പിക്കളയും.

6 അനര്‍ഥം ഉദ്ഭവിക്കുന്നതു പൂഴിയിൽ നിന്നല്ല; കഷ്ടത മുളയ്ക്കുന്നതു നിലത്തുനിന്നുമല്ല;

7 തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.

8 ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്‍റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;

9 അവന്‍, ആരാഞ്ഞുകൂടാത്ത വന്‍കാര്യങ്ങളും അസംഖ്യമായ അദ്ഭുതങ്ങളും ചെയ്യുന്നു.

10 അവന്‍ ഭൂതലത്തിൽ മഴ പെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.

11 അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

12 അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.

13 അവന്‍ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

14 പകൽസമയത്ത് അവര്‍ക്ക് ഇരുള്‍ നേരിടുന്നു; ഉച്ചസമയത്ത് അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

15 അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്‍റെ കൈയിൽനിന്നും രക്ഷിക്കുന്നു.

16 അങ്ങനെ എളിയവനു പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.

17 ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; സര്‍വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്.

18 അവന്‍ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു. അവന്‍ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.

19 ആറു കഷ്ടത്തിൽനിന്ന് അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

20 ക്ഷാമകാലത്ത് അവന്‍ നിന്നെ മരണത്തിൽ നിന്നും യുദ്ധത്തിൽ വാളിന്‍റെ വെട്ടിൽ നിന്നും വിടുവിക്കും.

21 നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.

22 നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.

23 വയലിലെ കല്ലുകളോടു നിനക്കു സഖ്യത ഉണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോട് ഇണങ്ങിയിരിക്കും.

24 നിന്‍റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്‍റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.

25 നിന്‍റെ സന്താനം അസംഖ്യമെന്നും നിന്‍റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

26 തക്കസമയത്തു കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ നീ പൂര്‍ണ വാര്‍ധക്യത്തിൽ കല്ലറയിൽ കടക്കും.

27 ഞങ്ങള്‍ അത് ആരാഞ്ഞുനോക്കി, അത് അങ്ങനെതന്നെ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.

  • Job 4 — previous chapter
  • Job 6 — next chapter
  • Job 5 — English (KJV)
  • Job 5 — English (WEB)
  • Job 5 — Tamil (தமிழ்)
  • Job 5 — Hindi (हिंदी)
  • Job 5 — Kannada (ಕನ್ನಡ)