ഇയ്യോബ് 6 (Job 6)

Malayalam Bible — Malayalam (മലയാളം)

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്‍റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ!

3 അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നത്. അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു.

4 സര്‍വശക്തന്‍റെ അസ്ത്രങ്ങള്‍ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്‍റെ ഘോരത്വങ്ങള്‍ എന്‍റെ നേരേ അണിനിരന്നിരിക്കുന്നു.

5 പുല്ലുള്ളേടത്തു കാട്ടുകഴുത ചിനയ്ക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?

6 രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?

7 തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.

8 അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!

9 എന്നെ തകര്‍ക്കുവാന്‍ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!

10 അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്‍റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;

11 ഞാന്‍ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്തുള്ളൂ? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്?

12 എന്‍റെ ബലം കല്ലിന്‍റെ ബലമോ? എന്‍റെ മാംസം താമ്രമാകുന്നുവോ?

13 ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?

14 ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവന്‍ സര്‍വശക്തന്‍റെ ഭയം ത്യജിക്കും.

15 എന്‍റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നെ.

16 നീര്‍ക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെ പോകുന്നു.

17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.

18 സാര്‍ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.

19 തേമയുടെ സാര്‍ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു.

20 പ്രതീക്ഷിച്ചതുകൊണ്ട് അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചുപോകുന്നു.

21 നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.

22 എനിക്കു കൊണ്ടുവന്നു തരുവിന്‍; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍;

23 വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിന്‍; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?

24 എന്നെ ഉപദേശിപ്പിന്‍; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിന്‍.

25 നേരുള്ള വാക്കുകള്‍ക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്തു ഫലം?

26 വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്‍റെ വാക്കുകള്‍ കാറ്റിനു തുല്യമത്രേ.

27 അനാഥനു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.

28 ഇപ്പോള്‍ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിന്‍; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കു പറയുമോ? ഒന്നുകൂടെ നോക്കുവിന്‍; നീതികേടു ഭവിക്കരുത്.

29 ഒന്നുകൂടെ നോക്കുവിന്‍; എന്‍റെ കാര്യം നീതിയുള്ളതുതന്നെ.

30 എന്‍റെ നാവിൽ അനീതിയുണ്ടോ? എന്‍റെ വായ് അനര്‍ഥം തിരിച്ചറികയില്ലയോ?

  • Job 5 — previous chapter
  • Job 7 — next chapter
  • Job 6 — English (KJV)
  • Job 6 — English (WEB)
  • Job 6 — Tamil (தமிழ்)
  • Job 6 — Hindi (हिंदी)
  • Job 6 — Kannada (ಕನ್ನಡ)