Malayalam Bible — Malayalam (മലയാളം)
1 അതിനു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 നിന്നോടു സംസാരിപ്പാന്‍ തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാൽ വാക്കടക്കുവാന്‍ ആര്‍ക്കു കഴിയും?
3 നീ പലരേയും ഉപദേശിച്ചു തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
4 വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴംകാൽ നീ ഉറപ്പിച്ചിരിക്കുന്നു.
5 ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടിയിട്ടു നീ ഭ്രമിച്ചു പോകുന്നു.
6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്‍മ്മലത നിന്റെ പ്രത്യാശയല്ലയോ?
7 ഓര്‍ത്തുനോക്കുക: നിര്‍ദോഷിയായി നശിച്ചവന് ആര്? നേരുള്ളവര്‍ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?
8 ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവര് അതുതന്നെ കൊയ്യുന്നു.
9 ദൈവത്തിന്റെ ശ്വാസത്താൽ അവര്‍ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.
10 സിംഹത്തിന്റെ ഗര്‍ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു.
12 എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
13 മനുഷ്യര്‍ക്ക് ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്‍ശനങ്ങളാലുള്ള മനോഭാവനകളിൽ
14 ഭയവും നടുക്കവും എന്നെ പിടിച്ചു. എന്റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി.
15 ഒരാത്മാവ് എന്റെ മുഖത്തിനെതിരേ കടന്നു എന്റെ ദേഹത്തിനു രോമഹര്‍ഷം ഭവിച്ചു.
16 ഒരു പ്രതിമ എന്റെ കണ്ണിനെതിരേ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാന്‍ കേട്ടതെന്തെന്നാൽ:
17 മര്ത്യന് ദൈവത്തിലും നീതിമാന് ആകുമോ? നരന് സ്രഷ്ടാവിലും നിര്‍മ്മലനാകുമോ?
18 ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവന് കുറ്റം ആരോപിക്കുന്നു.
19 പൊടിയിൽനിന്നുദ്ഭവിച്ചു മണ്പുരകളിൽ പാര്‍ത്തു പുഴുപോലെ ചതഞ്ഞു പോകുന്നവരിൽ എത്ര അധികം!
20 ഉഷസ്സിനും സന്ധ്യക്കും മധ്യേ അവര്‍ തകര്‍ന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍ എന്നേക്കും നശിക്കുന്നു.
21 അവരുടെ കൂടാരക്കയര് അറ്റുപോയിട്ട് അവര്‍ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?