Malayalam Bible — Malayalam (മലയാളം)
1 അനന്തരം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.
2 ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:
3 ഞാന്‍ ജനിച്ച ദിവസവും ഒരു ആണ് ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
4 ആ നാള് ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.
5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
6 ആ രാത്രിയെ കൂരിരുള്‍ പിടിക്കട്ടെ; അത് ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുത്.
7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്.
8 മഹാസര്‍പ്പത്തെ ഇളക്കുവാന്‍ സമര്‍ഥരായി ദിവസത്തെ ശപിക്കുന്നവര്‍ അതിനെ ശപിക്കട്ടെ.
9 അതിന്റെ സന്ധ്യാനക്ഷത്രങ്ങള് ഇരുണ്ടുപോകട്ടെ. അതു വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.
10 അത് എനിക്കു ഗര്‍ഭദ്വാരം അടച്ചില്ലല്ലോ; എന്റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ.
11 ഞാന്‍ ഗര്‍ഭപാത്രത്തിൽവച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോള്‍ത്തന്നെ പ്രാണന് പോകാതിരുന്നതെന്ത്?
12 മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടത് എന്തിന്? എനിക്കു കുടിപ്പാന്‍ മുല ഉണ്ടായിരുന്നതെന്തിന്?
13 ഞാന്‍ ഇപ്പോള്‍ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാന്‍ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14 തങ്ങള്‍ക്ക് ഏകാന്തനിവാസങ്ങള് പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും
15 അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങള്‍ വെള്ളികൊണ്ടു നിറച്ചുവച്ച പ്രഭുക്കന്മാരോടുംകൂടെ തന്നെ.
16 അല്ലെങ്കിൽ, ഗര്‍ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന്‍ ഇല്ലാതെ പോകുമായിരുന്നു.
17 അവിടെ ദുര്‍ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചുപോയവര് വിശ്രമിക്കുന്നു.
18 അവിടെ ബദ്ധന്മാര് ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവര്‍ കേള്‍ക്കാതിരിക്കുന്നു.
19 ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസനു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
20 അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്‍ക്കു ജീവനും കൊടുക്കുന്നതെന്തിന്?
21 അവര്‍ മരണത്തിനായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര്‍ അതിനായി കുഴിക്കുന്നു.
22 അവര്‍ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.
23 വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
24 ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീര്പ്പുവരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25 ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു.
26 ഞാന്‍ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.