ഇയ്യോബ് 39 (Job 39)

Malayalam Bible — Malayalam (മലയാളം)

1 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവു നീ കാണുമോ?

2 അവയ്ക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?

3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞു പോകുന്നു.

4 അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.

5 കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?

6 ഞാന്‍ മരുഭൂമിയെ അതിനു വീടും ഉവര്‍ന്നിലത്തെ അതിനു പാര്‍പ്പിടവുമാക്കി.

7 അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്‍റെ ഒച്ച കൂട്ടാക്കുന്നതുമില്ല.

8 മലനിരകള്‍ അതിന്‍റെ മേച്ചൽപ്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.

9 കാട്ടുപോത്ത് നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്‍റെ പുല്ത്തൊട്ടിക്കരികെ രാപാര്‍ക്കുമോ?

10 കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴവിനു കൊണ്ടുപോകാമോ? അതു നിന്‍റെ പിന്നാലെ നിലം നിരത്തുമോ?

11 അതിന്‍റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്‍റെ വേല നീ അതിനു ഭരമേല്പിച്ചു കൊടുക്കുമോ?

12 അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നും നിന്‍റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

13 ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?

14 അതു നിലത്തു മുട്ട ഇട്ടേച്ചു പോകുന്നു; അവയെ പൊടിയിൽ വച്ചു വിരിക്കുന്നു.

15 കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓര്‍ക്കുന്നില്ല.

16 അത് തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്‍റെ പ്രയത്നം വ്യര്‍ഥമായിപ്പോകുമെന്നു ഭയപ്പെടുന്നില്ല.

17 ദൈവം അതിനു ജ്ഞാനമില്ലാതാക്കി വിവേകം അതിനു നല്കിയിട്ടുമില്ല.

18 അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.

19 കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്‍റെ കഴുത്തിനു നീയോ കുഞ്ചിരോമം അണിയിച്ചത്?

20 നിനക്ക് അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം.

21 അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിര്‍ത്തു ചെല്ലുന്നു.

22 അതു കൂസാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍വാങ്ങി മണ്ടുന്നതുമില്ല.

23 അതിന് എതിരേ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

24 അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കയില്ല.

25 കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.

26 നിന്‍റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുകയും ചെയ്യുന്നത്?

27 നിന്‍റെ കല്പനയ്ക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവയ്ക്കയും ചെയ്യുന്നത്?

28 അതു പാറയിൽ കുടിയേറി രാപാര്‍ക്കുന്നു; പാറമുകളിലും ദുര്‍ഗത്തിലും തന്നെ.

29 അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്‍റെ കണ്ണ് ദൂരത്തേക്കു കാണുന്നു.

30 അതിന്‍റെ കുഞ്ഞുങ്ങള്‍ ചോര വലിച്ചു കുടിക്കുന്നു; പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ട്.

  • Job 38 — previous chapter
  • Job 40 — next chapter
  • Job 39 — English (KJV)
  • Job 39 — English (WEB)
  • Job 39 — Tamil (தமிழ்)
  • Job 39 — Hindi (हिंदी)
  • Job 39 — Kannada (ಕನ್ನಡ)