ഇയ്യോബ് 38 (Job 38)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:

2 അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?

3 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോട് ഉത്തരം പറക.

4 ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.

5 അതിന്‍റെ അളവു നിയമിച്ചവന്‍ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍?

6 പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുകയും ചെയ്തപ്പോള്‍

7 അതിന്‍റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്‍റെ മൂലക്കല്ലിട്ടവന്‍ ആര്‍?

8 ഗര്‍ഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാൽ അടച്ചവന്‍ ആര്‍?

9 അന്നു ഞാന്‍ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി;

10 ഞാന്‍ അതിന് അതിര്‍ നിയമിച്ചു കതകും ഓടാമ്പലും വച്ചു.

11 ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്; ഇവിടെ നിന്‍റെ തിരമാലകളുടെ ഗര്‍വം നിലയ്ക്കും എന്നു കല്പിച്ചു.

12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിനും

13 നിന്‍റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും അരുണോദയത്തിനു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?

14 അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങി നില്ക്കുന്നു.

15 ദുഷ്ടന്മാര്‍ക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.

16 നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?

17 മരണത്തിന്‍റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക

19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്‍റെ പാര്‍പ്പിടവും എവിടെ?

20 നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?

21 നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ; നീ അത് അറിയാതിരിക്കുമോ?

22 നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?

23 ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചു വച്ചിരിക്കുന്നു.

24 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന്‍കാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്?

25 നിര്‍ജനദേശത്തും ആള്‍പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിനും

26 തരിശും ശൂന്യവുമായ നിലത്തിന്‍റെ ദാഹം തീര്‍ക്കേണ്ടതിനും ഇളംപുല്ലു മുളപ്പിക്കേണ്ടതിനും

27 ജലപ്രവാഹത്തിനു ചാലും ഇടിമിന്നലിനു പാതയും വെട്ടിക്കൊടുത്തതാര്‍?

28 മഴയ്ക്ക് അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?

29 ആരുടെ ഗര്‍ഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?

30 വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.

31 കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്‍റെ ബന്ധനങ്ങള്‍ അഴിക്കാമോ?

32 നിനക്കു രാശിചക്രത്തെ അതിന്‍റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?

33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിനു ഭൂമിമേലുള്ള സ്വാധീനത നിര്‍ണയിക്കാമോ?

34 ജലപ്രവാഹം നിന്നെ മൂടേണ്ടതിനു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്‍ത്താമോ?

35 അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്‍ തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയയ്ക്കാമോ?

36 അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്‍? മനസ്സിനു വിവേകം കൊടുത്തവന്‍ ആര്‍?

37 ഉരുക്കിവാര്‍ത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും

38 ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍?

39 സിംഹങ്ങള്‍ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും

40 നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?

41 കാക്കക്കുഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിനു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?

  • Job 37 — previous chapter
  • Job 39 — next chapter
  • Job 38 — English (KJV)
  • Job 38 — English (WEB)
  • Job 38 — Tamil (தமிழ்)
  • Job 38 — Hindi (हिंदी)
  • Job 38 — Kannada (ಕನ್ನಡ)