ഇയ്യോബ് 37 (Job 37)

Malayalam Bible — Malayalam (മലയാളം)

1 ഇതിനാൽ എന്‍റെ ഹൃദയം വിറച്ചു തന്‍റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.

2 അവന്‍റെ നാദത്തിന്‍റെ മുഴക്കവും അവന്‍റെ വായിൽനിന്നു പുറപ്പെടുന്ന ഗര്‍ജനവും ശ്രദ്ധിച്ചുകേള്‍പ്പിന്‍.

3 അവന്‍ അത് ആകാശത്തിന്‍ കീഴിലൊക്കെയും അതിന്‍റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു.

4 അതിന്‍റെ പിന്നാലെ ഒരു മുഴക്കം കേള്‍ക്കുന്നു; അവന്‍ തന്‍റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; അവന്‍റെ നാദം കേള്‍ക്കുമ്പോള്‍ അവയെ തടുക്കുന്നില്ല.

5 ദൈവം തന്‍റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.

6 അവന്‍ ഹിമത്തോട്: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

7 താന്‍ സൃഷ്‍ടിച്ച മനുഷ്യരൊക്കെയും അറിവാന്‍തക്കവണ്ണം അവന്‍ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു.

8 കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്‍റെ ഗുഹയിൽ കിടക്കുന്നു.

9 ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.

10 ദൈവത്തിന്‍റെ ശ്വാസംകൊണ്ട് നീര്‍ക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറച്ചുപോകുന്നു.

11 അവന്‍ കാര്‍മേഘത്തെ ഈറംകൊണ്ട് കനപ്പിക്കുന്നു; തന്‍റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.

12 അവന്‍ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന് അവന്‍റെ ആദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.

13 ശിക്ഷയ്ക്കായിട്ടോ ദേശത്തിന്‍റെ നന്മയ്ക്കായിട്ടോ ദയയ്ക്കായിട്ടോ അവന്‍ അതു വരുത്തുന്നു.

14 ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊള്‍ക; മിണ്ടാതിരുന്നു ദൈവത്തിന്‍റെ അദ്ഭുതങ്ങളെ ചിന്തിച്ചുകൊള്‍ക.

15 ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്‍റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?

16 മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂര്‍ണനായവന്‍റെ അദ്ഭുതങ്ങളും നീ അറിയുന്നുവോ?

17 തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോള്‍ നിന്‍റെ വസ്ത്രത്തിനു ചൂടുണ്ടാകുന്നത് എങ്ങനെ?

18 ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്ക് അവനോടുകൂടെ വിടര്‍ത്തു വയ്ക്കാമോ?

19 അവനോട് എന്ത് പറയേണമെന്നു ഞങ്ങള്‍ക്ക് ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങള്‍ക്കും ഒന്നും പ്രസ്താവിപ്പാന്‍ കഴിവില്ല.

20 എനിക്കു സംസാരിക്കേണം എന്ന് അവനോടു ബോധിപ്പിക്കേണമോ? നാശത്തിനിരയായിത്തീരുവാന്‍ ആരാനും ഇച്ഛിക്കുമോ?

21 ഇപ്പോള്‍ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റ് കടന്ന് അതിനെ തെളിവാക്കുന്നു.

22 വടക്കുനിന്നു സ്വര്‍ണശോഭപോലെ വരുന്നു; ദൈവത്തിന്‍റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്.

23 സര്‍വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന്‍ ശക്തിയിൽ അത്യുന്നതനാകുന്നു; അവന്‍ ന്യായത്തിനും പൂര്‍ണനീതിക്കും ഭംഗം വരുത്തുന്നില്ല.

24 അതുകൊണ്ട് മനുഷ്യര്‍ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന്‍ കടാക്ഷിക്കുന്നില്ല.

  • Job 36 — previous chapter
  • Job 38 — next chapter
  • Job 37 — English (KJV)
  • Job 37 — English (WEB)
  • Job 37 — Tamil (தமிழ்)
  • Job 37 — Hindi (हिंदी)
  • Job 37 — Kannada (ಕನ್ನಡ)