ഇയ്യോബ് 40 (Job 40)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് എന്തെന്നാൽ:

2 ആക്ഷേപകന്‍ സര്‍വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന് ഉത്തരം പറയട്ടെ.

3 അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:

4 ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോട് എന്തുത്തരം പറയേണ്ടൂ? ഞാന്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു.

5 ഒരുവട്ടം ഞാന്‍ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന്‍ ഉരചെയ്തു; ഇനി മിണ്ടുകയില്ല.

6 അപ്പോള്‍ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞതെന്തെന്നാൽ:

7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക.

8 നീ എന്‍റെ ന്യായത്തെ ദുര്‍ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?

9 ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?

10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍ക.

11 നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗര്‍വിയെയും നോക്കി താഴ്ത്തുക;

12 ഏത് ഗര്‍വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽതന്നെ വീഴ്ത്തിക്കളക.

13 അവരെയൊക്കെയും പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.

14 അപ്പോള്‍ നിന്‍റെ വലംകൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും.

15 ഞാന്‍ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലു തിന്നുന്നു.

16 അതിന്‍റെ ശക്തി അതിന്‍റെ കടിപ്രദേശത്തും അതിന്‍റെ ബലം വയറ്റിന്‍റെ മാംസപേശികളിലും ആകുന്നു.

17 ദേവദാരുതുല്യമായ തന്‍റെ വാൽ അത് ആട്ടുന്നു; അതിന്‍റെ തുടയിലെ ഞരമ്പുകള്‍ കൂടി പിണഞ്ഞിരിക്കുന്നു.

18 അതിന്‍റെ അസ്ഥികള്‍ ചെമ്പുകുഴൽ പോലെയും എല്ലുകള്‍ ഇരുമ്പഴിപോലെയും ഇരിക്കുന്നു.

19 അതു ദൈവത്തിന്‍റെ സൃഷ്‍ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവന്‍ അതിന് ഒരു വാള്‍ കൊടുത്തിരിക്കുന്നു.

20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വതങ്ങള്‍ അതിനു തീന്‍ വിളയിക്കുന്നു.

21 അതു നീര്‍മരുതിന്‍റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.

22 നീര്‍മരുതു നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു.

23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍ അതിന്‍റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കും.

24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്‍റെ മൂക്കിൽ കയര്‍ കോര്‍ക്കാമോ?

  • Job 39 — previous chapter
  • Job 41 — next chapter
  • Job 40 — English (KJV)
  • Job 40 — English (WEB)
  • Job 40 — Tamil (தமிழ்)
  • Job 40 — Hindi (हिंदी)
  • Job 40 — Kannada (ಕನ್ನಡ)