യിരെമ്യാ 9 (Jeremiah 9)

Malayalam Bible — Malayalam (മലയാളം)

1 അയ്യോ, എന്‍റെ ജനത്തിന്‍റെ പുത്രിയുടെ നിഹതന്മാര്‍ നിമിത്തം രാവും പകലും കരയേണ്ടതിന് എന്‍റെ തല വെള്ളവും എന്‍റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!

2 അയ്യോ, എന്‍റെ ജനത്തെ വിട്ടു പൊയ്ക്കളയേണ്ടതിനു മരുഭൂമിയിൽ വഴിയാത്രക്കാര്‍ക്കുള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.

3 അവര്‍ വ്യാജത്തിനായിട്ടു നാവു വില്ലുപോലെ കുലയ്ക്കുന്നു; അവര്‍ സത്യത്തിനായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നത്; അവര്‍ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിനു പുറപ്പെടുന്നു; അവര്‍ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാട്.

4 നിങ്ങള്‍ ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്‍വിന്‍; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുത്; ഏതു സഹോദരനും ഉപായം പ്രവര്‍ത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞുനടക്കുന്നു.

5 അവര്‍ ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന്‍ അവര്‍ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവര്‍ത്തിപ്പാന്‍ അവര്‍ അധ്വാനിക്കുന്നു.

6 നിന്‍റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചന നിമിത്തം അവര്‍ എന്നെ അറിവാന്‍ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

7 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ അവരെ ഉരുക്കി ശോധന കഴിക്കും; എന്‍റെ ജനത്തിന്‍റെ പുത്രിയെ വിചാരിച്ചു ഞാന്‍ മറ്റെന്തു ചെയ്യേണ്ടൂ?

8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു.

9 ഇവ നിമിത്തം ഞാന്‍ അവരെ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാട്.

10 പര്‍വതങ്ങളെക്കുറിച്ചു ഞാന്‍ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചൽപ്പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേള്‍ക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;

11 ഞാന്‍ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും ആക്കും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികള്‍ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.

12 ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്ത്?

13 യഹോവ അരുളിച്ചെയ്യുന്നത്: ഞാന്‍ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ച് എന്‍റെ വാക്കു കേള്‍ക്കയോ അത് അനുസരിച്ചു നടക്കയോ ചെയ്യാതെ,

14 തങ്ങളുടെ ഹൃദയത്തിന്‍റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ട്,

15 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.

16 അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാന്‍ അവരെ ചിന്നിച്ചു; അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാള്‍ അയയ്ക്കും.

17 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിന്‍; സാമര്‍ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍.

18 നമ്മുടെ കണ്ണിൽനിന്നു കണ്ണുനീര്‍ ഒഴുകത്തക്കവണ്ണവും നമ്മുടെ കണ്‍പോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവര്‍ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

19 സീയോനിൽനിന്ന് ഒരു വിലാപം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവര്‍ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.

20 എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; നിങ്ങളുടെ ചെവി അവന്‍റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്‍റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിന്‍.

21 വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിനു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

22 മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്‍റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാട് എന്നു പറക.

23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്‍റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാന്‍ തന്‍റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാന്‍ തന്‍റെ ധനത്തിലും പ്രശംസിക്കരുത്.

24 പ്രശംസിക്കുന്നവനോ: യഹോവയായ ഞാന്‍ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട്.

25 ഇതാ മിസ്രയീം, യെഹൂദാ, എദോം, അമ്മോന്യര്‍, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികള്‍ എന്നിങ്ങനെ അഗ്രചര്‍മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാന്‍ ശിക്ഷിപ്പാനുള്ള കാലം വരുന്നു.

26 സകല ജാതികളും അഗ്രചര്‍മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹമൊക്കെയും ഹൃദയത്തിൽ അഗ്രചര്‍മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാട്.

  • Jeremiah 8 — previous chapter
  • Jeremiah 10 — next chapter
  • Jeremiah 9 — English (KJV)
  • Jeremiah 9 — English (WEB)
  • Jeremiah 9 — Tamil (தமிழ்)
  • Jeremiah 9 — Hindi (हिंदी)
  • Jeremiah 9 — Kannada (ಕನ್ನಡ)