യിരെമ്യാ 10 (Jeremiah 10)

Malayalam Bible — Malayalam (മലയാളം)

1 യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍!

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുത്; ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്.

3 ജാതികളുടെ ചട്ടങ്ങള്‍ മിഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അത് ഒരുവന്‍ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.

4 അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവര്‍ അതിനെ ആണിയും ചുറ്റികയും കൊണ്ട് ഉറപ്പിക്കുന്നു.

5 അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടപ്പാന്‍ വയ്യായ്കകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്‍വാന്‍ അവയ്ക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവയ്ക്കു പ്രാപ്തിയില്ല.

6 യഹോവേ, നിന്നോടു തുല്യനായവന്‍ ആരുമില്ല; നീ വലിയവനും നിന്‍റെ നാമം ബലത്തിൽ വലിയതും ആകുന്നു.

7 ജാതികളുടെ രാജാവേ, ആര്‍ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും നിന്നോടു തുല്യനായവന്‍ ആരും ഇല്ല.

8 അവര്‍ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂര്‍ത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.

9 തര്‍ശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്‍റെയും തട്ടാന്‍റെയും കൈപ്പണി തന്നെ; നീലവും രക്താംബരവും അവയുടെ ഉടുപ്പ്; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ.

10 യഹോവയോ സത്യദൈവം; അവന്‍ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവന്‍റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികള്‍ക്ക് അവന്‍റെ ഉഗ്രകോപം സഹിപ്പാന്‍ കഴികയുമില്ല.

11 ആകാശത്തെയും ഭൂമിയെയും നിര്‍മ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിന്‍കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിന്‍.

12 അവന്‍ തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചു, തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

13 അവന്‍ തന്‍റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവന്‍ ആവി കയറ്റുന്നു; മഴയ്ക്കു മിന്നൽ ഉണ്ടാക്കി തന്‍റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

14 ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല.

15 അവ മായയും വ്യര്‍ഥപ്രവൃത്തിയും തന്നെ; സന്ദര്‍ശനകാലത്ത് അവ നശിച്ചുപോകും.

16 യാക്കോബിന്‍റെ ഓഹരിയായവന്‍ അവയെപ്പോലെയല്ല; അവന്‍ സര്‍വത്തെയും നിര്‍മ്മിച്ചവന്‍; യിസ്രായേൽ അവന്‍റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം.

17 നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തുനിന്നു നിന്‍റെ ഭാണ്ഡം എടുത്തുകൊള്‍ക.

18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽവച്ചെറിഞ്ഞുകളകയും അവര്‍ക്കു പറ്റുവാന്‍ തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.

19 എന്‍റെ പരിക്കുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്‍റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാന്‍: അത് എന്‍റെ ദീനം! ഞാന്‍ അതു സഹിച്ചേ മതിയാവൂ എന്നു പറഞ്ഞു.

20 എന്‍റെ കൂടാരം കവര്‍ച്ചയായിപ്പോയിരിക്കുന്നു; എന്‍റെ കയറൊക്കെയും അറ്റിരിക്കുന്നു; എന്‍റെ മക്കള്‍ എന്നെ വിട്ടുപോയി; അവര്‍ ഇല്ലാതായിരിക്കുന്നു; ഇനി എന്‍റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിര്‍ക്കുവാനും ആരുമില്ല

21 ഇടയന്മാര്‍ മൃഗപ്രായരായിത്തീര്‍ന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവര്‍ കൃതാര്‍ഥരായില്ല; അവരുടെ ആട്ടിന്‍കൂട്ടമൊക്കെയും ചിതറിപ്പോയി.

22 കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാര്‍പ്പിടവും ആക്കേണ്ടതിന് അതു വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു.

23 യഹോവേ, മനുഷ്യനു തന്‍റെ വഴിയും നടക്കുന്നവനു തന്‍റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന്‍ അറിയുന്നു.

24 യഹോവേ, ഞാന്‍ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിനു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.

25 നിന്നെ അറിയാത്ത ജാതികളുടെമേലും നിന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്‍റെ ക്രോധം പകരേണമേ; അവര്‍ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവര്‍ അവനെ വിഴുങ്ങി നശിപ്പിച്ച് അവന്‍റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.

  • Jeremiah 9 — previous chapter
  • Jeremiah 11 — next chapter
  • Jeremiah 10 — English (KJV)
  • Jeremiah 10 — English (WEB)
  • Jeremiah 10 — Tamil (தமிழ்)
  • Jeremiah 10 — Hindi (हिंदी)
  • Jeremiah 10 — Kannada (ಕನ್ನಡ)