യിരെമ്യാ 11 (Jeremiah 11)

Malayalam Bible — Malayalam (മലയാളം)

1 യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്:

2 ഈ നിയമത്തിന്‍റെ വചനങ്ങളെ നിങ്ങള്‍ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിന്‍.

3 നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍.

4 അവയെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോട് അവരെ ഇരുമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ കല്പിച്ചു: നിങ്ങള്‍ എന്‍റെ വാക്കു കേട്ടനുസരിച്ചു ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ചെയ്‍വിന്‍; എന്നാൽ നിങ്ങള്‍ എനിക്കു ജനവും ഞാന്‍ നിങ്ങള്‍ക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.

5 ഇന്നുള്ളതുപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാന്‍ അവരോടു ചെയ്ത സത്യം നിവര്‍ത്തിക്കേണ്ടതിനു തന്നെ. അതിനു ഞാന്‍: ആമേന്‍, യഹോവേ, എന്ന് ഉത്തരം പറഞ്ഞു.

6 അപ്പോള്‍ യഹോവ എന്നോട് അരുളിച്ചെയ്തത്: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും ഈ വചനങ്ങളെയൊക്കെയും വിളിച്ചു പറക: ഈ നിയമത്തിന്‍റെ വചനങ്ങളെ കേട്ടു ചെയ്തുകൊള്‍വിന്‍.

7 ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും അവരോട്: എന്‍റെ വാക്കു കേള്‍പ്പിന്‍ എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു.

8 അവരോ അനുസരിക്കയും ചെവി ചായിക്കയും ചെയ്യാതെ ഓരോരുത്തന്‍ താന്താന്‍റെ ദുഷ്ടഹൃദയത്തിന്‍റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാന്‍ അവരോടു ചെയ്‍വാന്‍ കല്പിച്ചതും അവര്‍ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്‍റെ വചനങ്ങളെപ്പോലെയൊക്കെയും ഞാന്‍ അവരുടെമേൽ വരുത്തിയിരിക്കുന്നു.

9 യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.

10 അവര്‍ എന്‍റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്‍വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന്‍ അവരോടു ചേര്‍ന്നിരിക്കുന്നു; ഞാന്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.

11 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാന്‍ കഴിയാത്ത ഒരനര്‍ഥം ഞാന്‍ അവര്‍ക്കു വരുത്തും; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.

12 അപ്പോള്‍ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങള്‍ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവര്‍ അവരെ അനര്‍ഥകാലത്തു രക്ഷിക്കയില്ല.

13 യെഹൂദായേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീര്‍ത്തിരിക്കുന്നു.

14 ആകയാൽ നീ ഈ ജനത്തിനുവേണ്ടി പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുത്; അവര്‍ അനര്‍ഥം നിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.

15 എന്‍റെ പ്രിയയ്ക്കു എന്‍റെ ആലയത്തിൽ എന്തു കാര്യം? അവള്‍ പലരോടും കൂടെ ദുഷ്കര്‍മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോള്‍ നീ ഉല്ലസിക്കുന്നു.

16 മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേര്‍വിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവന്‍ അതിനു തീ വച്ചുകളഞ്ഞു; അതിന്‍റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.

17 യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിൽ ദോഷം പ്രവര്‍ത്തിച്ചിരിക്കയാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്ക് അനര്‍ഥം വിധിച്ചിരിക്കുന്നു.

18 യഹോവ എനിക്കു വെളിപ്പെടുത്തിയതിനാൽ ഞാന്‍ അത് അറിഞ്ഞു; അന്നു നീ അവരുടെ പ്രവൃത്തികളെ എനിക്കു കാണിച്ചുതന്നു.

19 ഞാനോ അറുപ്പാന്‍ കൊണ്ടുപോകുന്ന മെരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്‍റെ പേര്‍ ആരും ഓര്‍ക്കാതെ ഇരിക്കേണ്ടതിനു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവര്‍ എന്‍റെ നേരേ ഉപായം നിരൂപിച്ചതു ഞാന്‍ അറിഞ്ഞതുമില്ല.

20 നീതിയോടെ ന്യായം വിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; ഞാന്‍ എന്‍റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

21 അതുകൊണ്ട്: നീ ഞങ്ങളുടെ കൈയാൽ മരിക്കാതെയിരിക്കേണ്ടതിനു യഹോവയുടെ നാമത്തിൽ പ്രവചിക്കരുത് എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

22 ഞാന്‍ അവരെ സന്ദര്‍ശിക്കും; യൗവനക്കാര്‍ വാള്‍കൊണ്ടു മരിക്കും ; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.

23 ഞാന്‍ അനാഥോത്തുകാരെ സന്ദര്‍ശിക്കുന്ന കാലത്ത് അവര്‍ക്ക് അനര്‍ഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  • Jeremiah 10 — previous chapter
  • Jeremiah 12 — next chapter
  • Jeremiah 11 — English (KJV)
  • Jeremiah 11 — English (WEB)
  • Jeremiah 11 — Tamil (தமிழ்)
  • Jeremiah 11 — Hindi (हिंदी)
  • Jeremiah 11 — Kannada (ಕನ್ನಡ)