യിരെമ്യാ 12 (Jeremiah 12)

Malayalam Bible — Malayalam (മലയാളം)

1 യഹോവേ, ഞാന്‍ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാന്‍ നിന്നോടു ചോദിപ്പാന്‍ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാന്‍ സംഗതി എന്ത്? ദ്രോഹം പ്രവര്‍ത്തിക്കുന്നവരൊക്കെയും നിര്‍ഭയന്മാരായിരിക്കുന്നതെന്ത്?

2 നീ അവരെ നട്ട് അവര്‍ വേരൂന്നി വളര്‍ന്നു ഫലം കായിക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.

3 എന്നാൽ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്‍റെ സന്നിധിയിൽ എന്‍റെ ഹൃദയത്തെ ശോധന ചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കേണമേ; കൊലദിവസത്തിനായി അവരെ വേര്‍തിരിക്കേണമേ.

4 ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവന്‍ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്ന് അവര്‍ പറയുന്നു.

5 കാലാളുകളോടുകൂടെ ഓടിയിട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിര്‍ഭയനായിരിക്കുന്നു; എന്നാൽ യോര്‍ദ്ദാന്‍റെ വന്‍കാട്ടിൽ നീ എന്തുചെയ്യും?

6 നിന്‍റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു. അവരുംകൂടെ നിന്‍റെ പിന്നാലെ ആര്‍പ്പുവിളിക്കുന്നു; അവര്‍ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.

7 ഞാന്‍ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, എന്‍റെ അവകാശത്തെ ത്യജിച്ച്, എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.

8 എന്‍റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്‍റെ നേരേ നാദം കേള്‍പ്പിക്കുന്നു; അതുകൊണ്ടു ഞാന്‍ അതിനെ വെറുക്കുന്നു.

9 എന്‍റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാര്‍ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാന്‍ വരുവിന്‍.

10 അനേകം ഇടയന്മാര്‍ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്‍റെ ഓഹരിയെ ചവിട്ടിക്കളകയും എന്‍റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.

11 അവര്‍ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീര്‍ന്നതിനാൽ അത് എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധ വയ്ക്കായ്കയാൽ ദേശമൊക്കെയും ശൂന്യമായിപ്പോയിരിക്കുന്നു.

12 വിനാശകന്മാര്‍ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാള്‍ ദേശത്തെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.

13 അവര്‍ കോതമ്പു വിതച്ചു മുള്ളു കൊയ്തു; അവര്‍ പ്രയാസപ്പെട്ടു, ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപം നിമിത്തം അവര്‍ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.

14 ഞാന്‍ എന്‍റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്‍റെ എല്ലാ അയൽക്കാരെയും കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാന്‍ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.

15 അവരെ പറിച്ചുകളഞ്ഞശേഷം ഞാന്‍ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്‍റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.

16 അവര്‍ എന്‍റെ ജനത്തെ ബാലിന്‍റെ നാമത്തിൽ സത്യം ചെയ്‍വാന്‍ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്ന് എന്‍റെ നാമത്തിൽ സത്യം ചെയ്‍വാന്‍ തക്കവണ്ണം എന്‍റെ ജനത്തിന്‍റെ നടപടികളെ താൽപര്യത്തോടെ പഠിക്കുമെങ്കിൽ അവര്‍ എന്‍റെ ജനത്തിന്‍റെ മധ്യേ അഭിവൃദ്ധി പ്രാപിക്കും.

17 അവര്‍ കേട്ടനുസരിക്കുന്നില്ലങ്കിലോ, ഞാന്‍ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.

  • Jeremiah 11 — previous chapter
  • Jeremiah 13 — next chapter
  • Jeremiah 12 — English (KJV)
  • Jeremiah 12 — English (WEB)
  • Jeremiah 12 — Tamil (தமிழ்)
  • Jeremiah 12 — Hindi (हिंदी)
  • Jeremiah 12 — Kannada (ಕನ್ನಡ)