യിരെമ്യാ 8 (Jeremiah 8)

Malayalam Bible — Malayalam (മലയാളം)

1 ആ കാലത്ത് അവര്‍ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവക്കുഴികളിൽ നിന്നെടുത്തു,

2 തങ്ങള്‍ സ്നേഹിച്ചതും സേവിച്ചതും പിന്‍ചെന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സര്‍വസൈന്യത്തിനും മുമ്പാകെ അവയെ നിരത്തിവയ്ക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിനു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാട്.

3 ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പൊക്കെയും, ഞാന്‍ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകല സ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവര്‍ തന്നെ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

4 നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തന്‍ വീണാൽ എഴുന്നേല്ക്കയില്ലയോ? ഒരുത്തന്‍ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ?

5 യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാന്‍ മനസ്സില്ലാതിരിക്കുന്നതും എന്ത്?

6 ഞാന്‍ ശ്രദ്ധവച്ചു കേട്ടു; അവര്‍ നേരു സംസാരിച്ചില്ല; അയ്യോ ഞാന്‍ എന്തു ചെയ്തുപോയി എന്നു പറഞ്ഞ് ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര പടയ്ക്കു പായുന്നതുപോലെ ഓരോരുത്തന്‍ താന്താന്‍റെ വഴിക്കു തിരിയുന്നു.

7 ആകാശത്തിലെ പെരുഞ്ഞാറ തന്‍റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപ്പക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.

8 ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട് എന്നു നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.

9 ജ്ഞാനികള്‍ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവര്‍ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവര്‍ക്ക് എന്തൊരു ജ്ഞാനമുള്ളൂ?

10 അതുകൊണ്ടു ഞാന്‍ അവരുടെ ഭാര്യമാരെ അന്യന്മാര്‍ക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവര്‍ക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.

11 സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞ് അവര്‍ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

12 മ്ലേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ട് അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവര്‍ വീണുപോകും; അവരുടെ ദര്‍ശനകാലത്ത് അവര്‍ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.

13 ഞാന്‍ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാന്‍ നിയമിച്ചിരിക്കുന്നു.

14 നാം അനങ്ങാതിരിക്കുന്നതെന്ത്? കൂടിവരുവിന്‍; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്ന് അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു.

15 നാം സമാധാനത്തിനായി കാത്തിരുന്നു; എന്നാൽ ഒരു ഗുണവും വന്നില്ല; രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!

16 അവന്‍റെ കുതിരകളുടെ ചിറാലിപ്പ് ദാനിൽനിന്നു കേള്‍ക്കുന്നു; അവന്‍റെ ആണ്‍കുതിരകളുടെ മദഗര്‍ജനംകൊണ്ടു ദേശമൊക്കെയും വിറയ്ക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

17 ഞാന്‍ സര്‍പ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാട്.

18 അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളായിരുന്നു; എന്‍റെ മനസ്സ് വല്ലാതെ ഇരിക്കുന്നു.

19 കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂര്‍ത്തികള്‍കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?

20 കൊയ്ത്തു കഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.

21 എന്‍റെ ജനത്തിന്‍പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.

22 ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍റെ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?

  • Jeremiah 7 — previous chapter
  • Jeremiah 9 — next chapter
  • Jeremiah 8 — English (KJV)
  • Jeremiah 8 — English (WEB)
  • Jeremiah 8 — Tamil (தமிழ்)
  • Jeremiah 8 — Hindi (हिंदी)
  • Jeremiah 8 — Kannada (ಕನ್ನಡ)