യിരെമ്യാ 29 (Jeremiah 29)

Malayalam Bible — Malayalam (മലയാളം)

1 യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദായിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടുപോയശേഷം,

2 യിരെമ്യാപ്രവാചകന്‍ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും നെബൂഖദ്നേസര്‍ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകല ജനത്തിനും

3 യെഹൂദാരാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്‍റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്‍റെ മകനായ ഗെമര്യാവിന്‍റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ:

4 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താന്‍ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടു പോകുമാറാക്കിയ സകല ബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:

5 നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍.

6 ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിന്‍; നിങ്ങള്‍ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു പുത്രന്മാര്‍ക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാര്‍ക്കു കൊടുക്കയും ചെയ്‍വിന്‍; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.

7 ഞാന്‍ നിങ്ങളെ ബദ്ധന്മാരായി കൊണ്ടു പോകുമാറാക്കിയ പട്ടണത്തിന്‍റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാര്‍ഥിപ്പിന്‍; അതിനു നന്മ ഉണ്ടെങ്കിൽ നിങ്ങള്‍ക്കും നന്മ ഉണ്ടാകും.

8 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുത്.

9 അവര്‍ എന്‍റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാനവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.

10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച് ഈ സ്ഥലത്തേക്കു മടക്കി വരുത്തുമെന്നു നിങ്ങളോടുള്ള എന്‍റെ വചനം ഞാന്‍ നിവര്‍ത്തിക്കയുള്ളൂ.

11 നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാട്.

12 നിങ്ങള്‍ എന്നോട് അപേക്ഷിച്ച് എന്‍റെ സന്നിധിയിൽവന്നു പ്രാര്‍ഥിക്കയും ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കയും ചെയ്യും.

13 നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും.

14 നിങ്ങള്‍ എന്നെ കണ്ടെത്തുവാന്‍ ഞാന്‍ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിങ്ങളുടെ പ്രവാസം മാറ്റും; ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജാതികളിൽനിന്നും എല്ലായിടങ്ങളിലും നിന്നും നിങ്ങളെ ശേഖരിച്ചു ഞാന്‍ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നെ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാട്.

15 യഹോവ ഞങ്ങള്‍ക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.

16 ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാര്‍ക്കുന്ന സകല ജനത്തെയും കുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.

17 അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ അവര്‍ക്കു വാളും ക്ഷാമവും മഹാമാരിയും അയച്ച്, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിന് അവരെ സമമാക്കും.

18 ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകല രാജ്യങ്ങള്‍ക്കും ഭയഹേതുവും ഞാന്‍ അവരെ നീക്കിക്കളഞ്ഞ സകല ജാതികളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.

19 പ്രവാചകന്മാരായ എന്‍റെ ദാസന്മാര്‍ മുഖാന്തരം ഞാന്‍ പറഞ്ഞയച്ച വചനങ്ങളെ അവര്‍ കേള്‍ക്കായ്കകൊണ്ടുതന്നെ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.

20 അതുകൊണ്ടു ഞാന്‍ യെരൂശലേമിൽനിന്നു ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍!

21 എന്‍റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്‍റെ മകനായ ആഹാബിനെക്കുറിച്ചും മയസേയാവിന്‍റെ മകനായ സിദെക്കീയാവെക്കുറിച്ചും, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിൽ ഏല്പിക്കും; നിങ്ങള്‍ കാണ്‍കെ അവന്‍ അവരെ കൊന്നുകളയും.

22 ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും.

23 അവര്‍ യിസ്രായേലിൽ വഷളത്തം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അത് അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.

24 നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടത്:

25 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകല ജനത്തിനും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനും സകല പുരോഹിതന്മാര്‍ക്കും നിന്‍റെ പേരുവച്ച് അയച്ച എഴുത്തുകളിൽ: നിങ്ങള്‍ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന

26 ഏതു മനുഷ്യനെയും പിടിച്ച് ആമത്തിലും വിലങ്ങിലും ഇടേണ്ടതിനു യഹോവനിന്നെ യെഹോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയിരിക്കുന്നു.

27 ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്ത്?

28 അതുകൊണ്ടല്ലോ അവന്‍ ബാബേലിൽ ഞങ്ങള്‍ക്ക് ആളയച്ചു: ഈ പ്രവാസം ദീര്‍ഘം ആയിരിക്കും; നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ എന്നു പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ.

29 ഈ എഴുത്ത് സെഫന്യാപുരോഹിതന്‍ യിരെമ്യാപ്രവാചകന്‍ കേള്‍ക്കെ വായിച്ചിരുന്നു.

30 അപ്പോള്‍ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:

31 നീ സകല പ്രവാസികള്‍ക്കും ആളയച്ചു, നെഹെലാമ്യനായ ശെമയ്യാവെക്കുറിച്ചു പറയിക്കേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവെ ഞാന്‍ അയയ്ക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ടു

32 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നെഹെലാമ്യനായ ശെമയ്യാവെയും അവന്‍റെ സന്തതിയെയും സന്ദര്‍ശിക്കും; ഈ ജനത്തിന്‍റെ മധ്യേ പാര്‍പ്പാന്‍ അവന് ആരും ഉണ്ടാകയില്ല; എന്‍റെ ജനത്തിനു ഞാന്‍ വരുത്തുവാനിരിക്കുന്ന നന്മ അവന്‍ അനുഭവിക്കയുമില്ല; അവന്‍ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.

  • Jeremiah 28 — previous chapter
  • Jeremiah 30 — next chapter
  • Jeremiah 29 — English (KJV)
  • Jeremiah 29 — English (WEB)
  • Jeremiah 29 — Tamil (தமிழ்)
  • Jeremiah 29 — Hindi (हिंदी)
  • Jeremiah 29 — Kannada (ಕನ್ನಡ)