Malayalam Bible — Malayalam (മലയാളം)
1 ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്‍റെ മകന്‍ ഹനന്യാപ്രവാചകന്‍ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സര്‍വജനത്തിന്‍റെയും മുമ്പിൽവച്ച് എന്നോടു പറഞ്ഞതെന്തെന്നാൽ:
2 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയുന്നു.
3 ബാബേൽരാജാവായ നെബൂഖദ്നേസര്‍ ഈ സ്ഥലത്തുനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെയൊക്കെയും ഞാന്‍ രണ്ടു സംവത്സരത്തിനകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;
4 യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാന്‍ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാന്‍ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.
5 അപ്പോള്‍ യിരെമ്യാപ്രവാചകന്‍ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകല ജനവും കേള്‍ക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞത്:
6 ആമേന്‍, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയംവക ഉപകരണങ്ങളെയും സകല ബദ്ധന്മാരെയും അവന്‍ ബാബേലിൽനിന്ന് ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ച വാക്കുകളെ യഹോവ നിവര്‍ത്തിക്കുമാറാകട്ടെ!
7 എങ്കിലും ഞാന്‍ നിന്നോടും സകല ജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്‍ക.
8 എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാര്‍ അനേകം ദേശങ്ങള്‍ക്കും വലിയ രാജ്യങ്ങള്‍ക്കും വിരോധമായി യുദ്ധവും അനര്‍ഥവും മഹാമാരിയും പ്രവചിച്ചു.
9 സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്‍റെ വചനം നിവൃത്തിയാകുമ്പോള്‍, അവന്‍ സത്യമായിട്ടു യഹോവ അയച്ച പ്രവാചകന്‍ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകന്‍ പറഞ്ഞു.
10 അപ്പോള്‍ ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്,
11 സകല ജനവും കേള്‍ക്കെ: ഇങ്ങനെ ഞാന്‍ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ നുകം സകല ജാതികളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്‍റെ വഴിക്കുപോയി.
12 ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
13 നീ ചെന്നു ഹനന്യാവോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനു പകരം നീ ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.
14 എങ്ങനെയെന്നാൽ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ളൊരു നുകം ഞാന്‍ ഈ സകല ജാതികളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവര്‍ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാന്‍ അവനു കൊടുത്തിരിക്കുന്നു.
15 പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോട്: ഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു.
16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 അങ്ങനെ ഹനന്യാപ്രവാചകന്‍ ആയാണ്ടിൽ തന്നെ ഏഴാം മാസത്തിൽ മരിച്ചു.