യിരെമ്യാ 30 (Jeremiah 30)

Malayalam Bible — Malayalam (മലയാളം)

1 യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:

2 യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക.

3 ഞാന്‍ യിസ്രായേലും യെഹൂദായുമായ എന്‍റെ ജനത്തിന്‍റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്: ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവര്‍ അതിനെ കൈവശമാക്കും എന്ന് യഹോവയുടെ അരുളപ്പാട്.

4 യഹോവ യിസ്രായേലിനെയും യെഹൂദായെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങളാവിത്:

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്‍റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രേ ഉള്ളത്.

6 പുരുഷന്‍ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിന്‍! ഏതു പുരുഷനും നോവു കിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറി ഇരിക്കുന്നതും ഞാന്‍ കാണുന്നത് എന്ത്?

7 ആ നാള്‍പോലെ വേറേ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ; എങ്കിലും അവന്‍ അതിൽനിന്നു രക്ഷിക്കപ്പെടും.

8 അന്നു ഞാന്‍ അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്ന് ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാര്‍ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

9 അവര്‍ തങ്ങളുടെ ദൈവമായ യഹോവയെയും ഞാന്‍ അവര്‍ക്ക് എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.

10 ആകയാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.

11 നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ട് എന്നു യഹോവയുടെ അരുളപ്പാട്; നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.

12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പരിക്കു മാറാത്തതും നിന്‍റെ മുറിവു വിഷമമുള്ളതുമാകുന്നു.

13 നിന്‍റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്‍റെ മുറിവിന് ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.

14 നിന്‍റെ സ്നേഹിതന്മാരൊക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്‍റെ അകൃത്യത്തിന്‍റെ ആധിക്യം നിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പം നിമിത്തവും ഞാന്‍ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരന്‍ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ട് അവര്‍ നിന്നെ നോക്കുന്നില്ല.

15 നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നത് എന്തിന്? നിന്‍റെ അകൃത്യത്തിന്‍റെ ആധിക്യം നിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പം നിമിത്തവും അല്ലോ ഞാന്‍ ഇതു നിന്നോടു ചെയ്തിരിക്കുന്നത്.

16 അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവര്‍ കൊള്ളയായിത്തീരും; നിന്നെ കവര്‍ച്ച ചെയ്യുന്നവരെയൊക്കെയും ഞാന്‍ കവര്‍ച്ചയ്ക്ക് ഏല്പിക്കും.

17 അവര്‍ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോന്‍ എന്നും വിളിക്കകൊണ്ട്, ഞാന്‍ നിന്‍റെ മുറിവുകളെ പൊറുപ്പിച്ചു നിനക്ക് ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.

18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യാക്കോബിന്‍കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്‍റെ കല്ക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.

19 അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാന്‍ അവരെ വര്‍ധിപ്പിക്കും; അവര്‍ കുറഞ്ഞു പോകയില്ല; ഞാന്‍ അവരെ മഹത്ത്വീകരിക്കും; അവര്‍ എളിമപ്പെടുകയുമില്ല.

20 അവരുടെ മക്കളും പണ്ടത്തെപ്പോലെ ആകും; അവരുടെ സഭ എന്‍റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാന്‍ സന്ദര്‍ശിക്കും.

21 അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉദ്ഭവിക്കും; ഞാന്‍ അവനെ അടുപ്പിക്കും, അവന്‍ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുപ്പാന്‍ ധൈര്യപ്പെടുന്നവന്‍ ആര്‍? എന്നു യഹോവയുടെ അരുളപ്പാട്.

22 അങ്ങനെ നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.

23 യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നെ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുഴന്നടിക്കും.

24 യഹോവയുടെ ഉഗ്രകോപം അവന്‍റെ മനസ്സിലെ നിര്‍ണയങ്ങളെ നടത്തി നിവര്‍ത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതു ഗ്രഹിക്കും.

  • Jeremiah 29 — previous chapter
  • Jeremiah 31 — next chapter
  • Jeremiah 30 — English (KJV)
  • Jeremiah 30 — English (WEB)
  • Jeremiah 30 — Tamil (தமிழ்)
  • Jeremiah 30 — Hindi (हिंदी)
  • Jeremiah 30 — Kannada (ಕನ್ನಡ)