യിരെമ്യാ 15 (Jeremiah 15)

Malayalam Bible — Malayalam (മലയാളം)

1 യഹോവ എന്നോട് അരുളിച്ചെയ്തത്: മോശെയും ശമൂവേലും എന്‍റെ മുമ്പാകെ നിന്നാലും എന്‍റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്‍റെ മുമ്പിൽനിന്ന് ആട്ടിക്കളക; അവര്‍ പൊയ്ക്കൊള്ളട്ടെ.

2 ഞങ്ങള്‍ എവിടേക്കു പോകേണ്ടൂ എന്ന് അവര്‍ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവര്‍ മരണത്തിനും വാളിനുള്ളവര്‍ വാളിനും ക്ഷാമത്തിനുള്ളവര്‍ ക്ഷാമത്തിനും പ്രവാസത്തിനുള്ളവര്‍ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.

3 കൊന്നുകളവാന്‍ വാളും പറിച്ചുകീറുവാന്‍ നായ്ക്കളും തിന്നു മുടിപ്പാന്‍ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാന്‍ അവരുടെ നേരേ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാട്.

4 യെഹൂദാരാജാവായ ഹിസ്കീയാവിന്‍റെ മകന്‍ മനശ്ശെ നിമിത്തം, അവന്‍ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തംതന്നെ, ഞാന്‍ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീര്‍ക്കും.

5 യെരൂശലേമേ, ആര്‍ക്കു നിന്നോടു കനിവു തോന്നുന്നു? ആര്‍ നിന്നോടു സഹതാപം കാണിക്കും? നിന്‍റെ ക്ഷേമം ചോദിപ്പാന്‍ ആര്‍ കയറിവരും?

6 നീ എന്നെ ഉപേക്ഷിച്ചു പിന്‍വാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാന്‍ നിന്‍റെ നേരേ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാന്‍ കരുണകാണിച്ചു മടുത്തിരിക്കുന്നു.

7 ദേശത്തിന്‍റെ പടിവാതിലുകളിൽ ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാന്‍ എന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു; എങ്കിലും അവര്‍ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.

8 അവരുടെ വിധവമാര്‍ കടല്പുറത്തെ മണലിനെക്കാള്‍ പെരുകിക്കാണുന്നു; യൗവനക്കാരന്‍റെ അമ്മയുടെ നേരേ ഞാന്‍ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു;

9 ഏഴു മക്കളെ പ്രസവിച്ചവള്‍ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യന്‍ പകൽ തീരും മുമ്പേ അസ്തമിച്ചുപോയി; അവള്‍ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാന്‍ അവരുടെ ശത്രുക്കള്‍ക്കു മുമ്പിൽ വാളിന് ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.

10 എന്‍റെ അമ്മേ, സര്‍വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാന്‍ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.

11 യഹോവ അരുളിച്ചെയ്തത്: ഞാന്‍ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനര്‍ഥകാലത്തും കഷ്ടകാലത്തും ഞാന്‍ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.

12 താമ്രവും ഇരുമ്പും വടക്കന്‍ ഇരുമ്പും ഒടിഞ്ഞുപോകുമോ?

13 നിന്‍റെ ദേശത്തൊക്കെയും നിന്‍റെ സകല പാപങ്ങളും നിമിത്തം നിന്‍റെ സമ്പത്തും നിക്ഷേപങ്ങളും ഞാന്‍ വില വാങ്ങാതെ കവര്‍ച്ചയ്ക്ക് ഏല്പിച്ചുകൊടുക്കും.

14 നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്‍റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.

15 യഹോവേ, നീ അറിയുന്നു; എന്നെ ഓര്‍ത്തു സന്ദര്‍ശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്‍റെ ദീര്‍ഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്‍റെ നിമിത്തം ഞാന്‍ നിന്ദ സഹിക്കുന്നു എന്ന് ഓര്‍ക്കേണമേ.

16 ഞാന്‍ നിന്‍റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്‍റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്‍റെ ഹൃദയത്തിന് ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്‍റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.

17 കളിക്കാരുടെ കൂട്ടത്തിൽ ഞാന്‍ ഇരുന്നുല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറച്ചിരിക്കയാൽ നിന്‍റെ കൈനിമിത്തം ഞാന്‍ തനിച്ചിരുന്നു.

18 എന്‍റെ വേദന നിരന്തരവും, എന്‍റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവുംപോലെ ആയിരിക്കുമോ?

19 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാന്‍ നിന്നെ എന്‍റെ മുമ്പാകെ നില്പാന്‍ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഒഴിച്ച് ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്‍റെ വായ്പോലെ ആകും; അവര്‍ നിന്‍റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.

20 ഞാന്‍ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കി വയ്ക്കും; അവര്‍ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാന്‍ നിന്നോടുകൂടെ ഉണ്ട് എന്ന് യഹോവയുടെ അരുളപ്പാട്.

21 ഞാന്‍ നിന്നെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിക്കയും നിഷ്കണ്ടകന്മാരുടെ കൈയിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.

  • Jeremiah 14 — previous chapter
  • Jeremiah 16 — next chapter
  • Jeremiah 15 — English (KJV)
  • Jeremiah 15 — English (WEB)
  • Jeremiah 15 — Tamil (தமிழ்)
  • Jeremiah 15 — Hindi (हिंदी)
  • Jeremiah 15 — Kannada (ಕನ್ನಡ)